ഹോളിവുഡ് നടന്മാര്‍ ഒക്കെ ചെയ്യുന്നത് പോലെ ക്യാരക്ടർ ആയതാണെന്ന് അന്ന് സെറ്റിൽ വെച്ച് മാമുക്കോയ പറഞ്ഞു: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

മീര ജാസ്മിൻ, കാവ്യ മാധവൻ, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിലേക്ക് മീര ജാസ്മിന്റെ ഉപ്പയുടെ കഥാപാത്രമായി മാമുക്കോയയെ തിരഞ്ഞെടുത്തതിനെ പറ്റി സംസാരിക്കുകയാണ് സംവിധായകൻ കമൽ. ഇങ്ങനെയൊരു കഥാപാത്രമാണ് എന്ന് പറഞ്ഞപ്പോൾ തന്നെ കളിയാക്കുകയാണോ എന്നാണ് മാമുക്കോയ ചോദിച്ചത് എന്നാണ് കമൽ പറയുന്നത്.

“പെരുമഴക്കാലം എന്ന സിനിമ ചെയ്യുന്ന സമയത്ത് റസിയ എന്ന കഥാപാത്രത്തിന്റെ ഉപ്പയായി ഒരാള്‍ വേണമായിരുന്നു. സ്വാഭാവികമായും മനസില്‍ ആദ്യം വന്നത് നെടുമുടി വേണുവിന്റെ പേരാണ്. അദ്ദേഹമാണല്ലോ ഇങ്ങനത്തെ കഥാപാത്രങ്ങള്‍ എല്ലാം ചെയ്യാറ്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആലോചിച്ചു. കോഴിക്കോട് നടക്കുന്ന കഥയാണ്. അപ്പോള്‍ കോഴിക്കോട് ഭാഷ സംസാരിക്കുന്ന ഉപ്പയുണ്ടെങ്കില്‍ നന്നായിരിക്കില്ലേ എന്ന് ചിന്തിച്ചു.

മാമുക്കോയ നല്ല സജസഷനാണ്. പക്ഷെ അത്രയും സീരിയസായ കഥാപാത്രം അദ്ദേഹം ചെയ്യുമോ എന്ന് അറിയില്ലെന്ന സംശയം ടി എ റസാക്ക് പങ്കുവെച്ചു. എന്നാല്‍ അദ്ദേഹം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മാമുക്കോയയെ വിളിച്ചു. അദ്ദേഹം ഹോട്ടല്‍ മഹാറാണിയിലെത്തി. ആദ്യം കഥപറയാന്‍ പോയപ്പോള്‍ തന്നെ മാമുക്കോയ പറഞ്ഞു, കമലിന്റെയും റസാക്കിന്റെയും സിനിമയില്‍ ഞാന്‍ എന്ത് കഥ കേള്‍ക്കാനാണ് എന്ന്.

പക്ഷെ കഥ കേള്‍ക്കണം. കേട്ടിട്ട് ചെയ്യാന്‍ പറ്റുമോ എന്ന് പറയണമെന്ന് ഞാന്‍ മാമുക്കോയയോട് കഥ പറഞ്ഞു. അങ്ങനെ മാമുക്കോയയോട് കഥ പറഞ്ഞു. കഥ മുഴുവന്‍ കേട്ടിട്ട് അദ്ദേഹം ഇതിലെവിടെയാണ് എന്റെ റോള്‍ എന്ന് അദ്ദേഹം ചോദിച്ചു. റസിയയുടെ ഉപ്പയുടെ കഥാപാത്രമാണെന്ന് പറഞ്ഞു. അത് കേട്ടപാടെ ‘അള്ളോ’ എന്നാണ് ആദ്യം മാമുക്കോയ പറഞ്ഞത്. കമലെന്നെ കളിയാക്കുകയാണോ എന്നാണ് ചോദിച്ചത്.

ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആള്‍ക്കാര്‍ അത് സീരിയസ് ആയിട്ട് എടുക്കുമോ? തമാശയായിട്ടല്ലേ കാണുക. അപ്പോള്‍ ഞാന്‍ മാമുക്കോയയോട് പറഞ്ഞു, മാമുക്ക, ജീവിതത്തില്‍ നിന്ന് ഒരു കഥാപാത്രത്തെ എടുക്കുമ്പോള്‍ അയാള്‍ക്ക് തമാശ വേണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് നമ്മളല്ലേ. മാമുക്കോയ ഒരു നടനാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹത്തോട് പറഞ്ഞു.

എനിക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പറയുന്നില്ല. കമലിന് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. മനസുകൊണ്ട് ഉപ്പയാവാന്‍ തയ്യാറാല്‍ മതിയെന്ന് പറഞ്ഞ് ഞങ്ങള്‍ അങ്ങോട്ട് അദ്ദേഹത്തിന് ധൈര്യം നല്‍കുകയായിരുന്നു. പിന്നെ എല്ലാ ദിവസവും മാമുക്കോയ എന്നെ വിളിക്കും. അല്ല ഉറപ്പ് തന്നെയല്ലേ.. ഞാന്‍ തന്നെയല്ലേ.. മാറ്റിയിട്ടൊന്നുമില്ലല്ലോ. എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നൊക്കെ പറയും പുള്ളി.

കാരക്ടര്‍ ആവാന്‍ താടി വടിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു, ഞാന്‍ കുറ്റിത്താടി മതിയെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം ലൊക്കേഷനില്‍ വന്നു. സെറ്റില്‍ എപ്പോഴും തമാശ പറയുന്ന മാമുക്കോയ അവിടെ വന്നിട്ട് തമാശയെ പറയുന്നില്ല. സീരിയസായിട്ട് ഇരിക്കുകയായിരുന്നു. ഷോട്ട് വരുമ്പോള്‍ അഭിനയിക്കും പോകും അങ്ങനെയായിരുന്നു.

മാമുക്ക എന്താണ് ഇത്ര സീരിയസ് ആയിട്ട് ഇരിക്കുന്നത്? ഇത്ര ഗൗരവമൊന്നും വേണ്ട, ക്യാമറയ്ക്ക് മുന്നില്‍ മാത്രം മതിയെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ ഈ ഹോളിവുഡ് നടന്മാര്‍ ഒക്കെ ചെയ്യുന്നത് പോലെ ക്യാരക്ടർ ആയതാണെന്ന് പറഞ്ഞു. ആ സിനിമ കഴിയുന്നത് വരെയും മാമുക്കോയ ഏകദേശം അതുപോലെ കഥാപാത്രമായി തന്നെയായിരുന്നു സെറ്റില്‍ ഇരുന്നത്. മാമുക്കോയക്ക് വലിയ അംഗീകാരം കിട്ടിയ സിനിമ കൂടിയായിരുന്നു ഈ ചിത്രം. കരിയറിലും ഏറെ ശ്രദ്ധേയമായ റോള്‍ ആയിരുന്നു പെരുമഴക്കാലത്തിലെ ഉപ്പയുടെ റോള്‍.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ