മാഡം എന്താണ് ധരിച്ചിരിക്കുന്നത് എന്ന് ചോദിക്കും, നൈറ്റി ഇട്ടാണ് എയര്‍പോര്‍ട്ടില്‍ പോവുക, തലയില്‍ ചെമ്പരത്തി പൂവും വയ്ക്കും: കനി കുസൃതി

തന്റെ വിചിത്രമായ ഫാഷന്‍ പരീക്ഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി കനി കുസൃതി. നൈറ്റി ഒക്കെ ഇട്ട് എയര്‍പോര്‍ട്ടില്‍ പോകും. ചെമ്പരത്തി തലയില്‍ വച്ച് നടക്കും എന്നൊക്കെയാണ് കനി മനോരമ ന്യൂസില്‍ സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. സാരിക്കൊപ്പം ഉപയോഗിക്കുന്ന അണ്ടര്‍സ്‌കേര്‍ട്ട് ഇട്ട് താന്‍ പുറത്ത് പോകുമെന്നും കനി പറയുന്നുണ്ട്.

”സാരിയുടെ അടിയില്‍ ഇടുന്ന അണ്ടര്‍സ്‌കേര്‍ട്ട്, പാവാട ഭയങ്കര രസമുള്ള, കംഫര്‍ട്ടബിള്‍ ആയ സാധനമാണ്. ഇത് ഞാന്‍ ഇടയ്ക്ക് പുറത്തിടും. ടീ ഷര്‍ട്ടിന്റെ കൂടെയൊക്കെ ഇട്ടിട്ട് പോകും. എയര്‍പോര്‍ട്ടില്‍ ഒക്കെ പോവുമ്പോള്‍ നൈറ്റി ഇട്ടിട്ട് പോകും. അപ്പോള്‍ ചെക്ക് ചെയ്യുന്ന ആള്‍ക്കാര്‍, മാഡം നിങ്ങള്‍ എന്താണ് ധരിച്ചിരിക്കുന്നത്?”

”നിങ്ങള്‍ നൈറ്റി ഇട്ടിട്ട് എങ്ങോട്ട് പോകുന്നു എന്നൊക്കെ ചോദിക്കും. ഇതുപോലെ എനിക്കിഷ്ടമായിരുന്നു ചെമ്പരത്തി. ഞാന്‍ പണ്ട് തലയില്‍ നിറയെ ചെമ്പരത്തി പൂ വച്ചിട്ട് പോകുമായിരുന്നു. നമ്മുടെ നാട്ടില്‍ വട്ടുള്ളവരാണ് ചെമ്പരത്തി പൂ വയ്ക്കുക. എനിക്ക് കുറച്ച് വട്ടൊക്കെ ഉണ്ട്. അത് വേറെ വിഷയം.”

”ചെമ്പരത്തി പൂ നല്ല ഭംഗിയാണ്, ചെവിയില്‍ വച്ചിരിക്കുന്നത് കാണാന്‍. ഞാന്‍ ഇതുപോലെ നടന്നു പോവുകയാണ്. ചെമ്പരത്തി പൂ ഇതുപോലെ വെച്ചിട്ടുണ്ട്. തിരുവനന്തപുരത്ത്, ഉള്ളൂര്, ആള്‍ക്കാരൊക്കെ കൂവുകയാ. പക്ഷെ ഞാന്‍ നടന്നു പോയി. എനിക്ക് തോന്നുന്നു അങ്ങനെ ചെയ്ത് ചെയ്ത് ശീലമായി.”

”എനിക്ക് തോന്നുന്നു ഫാഷന്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ വ്യക്തിത്വത്തെ പ്രതിനീധികരിക്കുന്നതാണ്. അത് ചിലപ്പോ ഫണ്‍ ആയിരിക്കാം. ആ ഒരു രീതിയില്‍ ഫാഷന്‍ നില്‍ക്കുന്നതാണ് എനിക്കിഷ്ടം” എന്നാണ് കനി കുസൃതി പറയുന്നത്.

Read more