ഇന്ത്യൻ സിനിമകളിൽ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി. നിരവധി അന്താരാഷ്ട്ര അവാർഡുകൾ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് കനി എന്നും നിറഞ്ഞു നിൽക്കാറുണ്ട്. അഭിപ്രായങ്ങൾ എപ്പോഴും വെട്ടിത്തുറന്നും താരം പറയാറുണ്ട്, അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരെ കനി നേരിടാറുണ്ട്. അതിനാൽ തന്നെ താരത്തിന്റെ അഭിമുഖങ്ങളും എപ്പോഴും ചർച്ചയാവാറുണ്ട്.
ഇപ്പോഴിതാ തന്റെ മുൻ പങ്കാളിയായിരുന്ന ആനന്ദ് ഗാന്ധിയെ കുറിച്ചും തന്റെ റിലേഷൻഷിപ്പിനെ കുറിച്ചും അതിൽ വന്ന മാറ്റങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് കനി കുസൃതി. ആനന്ദ് തനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചതെന്നും നിലവിലെ ആനന്ദിന്റെ പങ്കാളി ശ്രേയയുമായും തനിക്ക് നല്ല ബന്ധമാണെന്നാണ് കനി പറയുന്നത്.
“ആനന്ദിനും എനിക്കും പരസ്പരം ഭയങ്കര ഇഷ്‌ടമാണ്. ഇഷ്ടം പോയിട്ടൊന്നുമില്ല. എനിക്ക് ആനന്ദിനൊപ്പം ജീവിക്കാൻ ഇഷ്ടമാണ്. ശ്രേയ വന്നപ്പോൾ കൂടുതൽ ഇഷ്ടമാണ്. ഞാൻ കുറച്ച് ഓർഡഗനൈസ്ഡാണ്. അടുക്കി പെറുക്കി വെക്കണം. അനന്ദ് അങ്ങനെയല്ല. എനിക്കത് ഇറിറ്റേറ്റിംഗ് ആണ്. ശ്രേയയുള്ളതിനാൽ ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. ശ്രേയ എന്നേക്കാൾ ഓർഗനൈസ്ഡ് ആണ്. പക്ഷെ അവൾ എടുത്ത് വെച്ചോളം. ഞാൻ അങ്ങനെയല്ല, എനിക്ക് ചൊറിഞ്ഞ് വരും. ഇപ്പോൾ എനിക്ക് അങ്ങനെയുള്ള കാര്യങ്ങളെല്ലാം ലൈറ്റായി എടുക്കാം. മുമ്പാണെങ്കിൽ ഞാൻ രണ്ട് ദിവസത്തേക്ക് മിണ്ടില്ല എന്നൊക്കെ പറയുമായിരുന്നു.
കുട്ടിക്കാലം മുതലേ ഒരാളെ കണ്ടുപിടിക്കും, അയാളുടെ കൂടെ ജീവിക്കും എന്നൊന്നും എന്റെ സ്വപ്നത്തിൽ ഇല്ല. ഒന്നുമില്ലെങ്കിലുള്ള ഓപ്ഷനായിരുന്നു. ഉറ്റ സുഹൃത്തായ പെൺകുട്ടിക്ക് ഒരാളെ കണ്ടുപിടിക്കണം, അവളും ആളും കൂടി ഒരുമിച്ച് ജീവിക്കുന്ന വീട്ടിൽ ഞാനൊരു മുറി സൈഡിൽ ഉണ്ടാക്കും എന്നായിരുന്നു പണ്ട് ഞാൻ പറഞ്ഞിരുന്നത്. ചിന്തിക്കുന്ന കാര്യങ്ങൾ പങ്കുവെക്കാനും നടക്കാൻ പോകാനും നീന്താൻ പോകാനും സങ്കടം വന്നാൽ പറയാനും ആളുകൾ ഉള്ളത് എനിക്കിഷ്ടമാണ്. ആരും വേണ്ട എന്നല്ല.
പക്ഷെ ഞാൻ ഇഷ്ടപ്പെടുന്ന പങ്കാളിയിൽ നിന്ന് മാത്രം കിട്ടുക എന്നത് എന്റെ സ്വപ്നത്തിൽ ഉള്ള കാര്യമല്ലെന്നും കനി കുസൃതി പറയുന്നു. ആനന്ദ് ഞാൻ പ്രതീക്ഷിച്ച ഒരുപാട് കാര്യങ്ങൾ കറക്ടായി വന്ന ആളായിരുന്നു. അതുകൊണ്ടാണ് എന്നാൽ ഒരു ചാൻസ് നോക്കാമെന്ന് കരുതിയത്. അതിന് മുമ്പത്തെ ബോയ്ഫ്രണ്ടുമായി പിരിയുമ്പോൾ പത്ത് പന്ത്രണ്ട് വർഷത്തേക്കെങ്കിലും പ്രേമിച്ചാലും ആരുടെ കൂടെയും താമസിക്കില്ലെന്ന് വിചാരിച്ചതാണ്.
വേറൊരാളെ കണ്ടുപിടിക്കാൻ നോക്ക്, ഞാൻ അതുവരെയിരിക്കാം എന്ന് ആനന്ദിനോട് പറഞ്ഞിട്ടുണ്ട്. ആനന്ദിന് അത് ഒട്ടും ആലോചിക്കാൻ പറ്റില്ലായിരുന്നു. ആനന്ദും ശ്രമിച്ചു. ശ്രേയയെ കണ്ടുപിടിച്ചത് നന്നായി. പരിചയപ്പെടുന്നത് വരെ ശ്രേയയെ എനിക്കും അറിയില്ല. ഇത് നീണ്ട് നിൽക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ആനന്ദ് പാർടണറില്ലാതെ പറ്റാത്ത ആളാണ്.
ശ്രേയ വരുന്നതിന് രണ്ട് മൂന്ന് വർഷം മുമ്പേ ഞങ്ങൾ തമ്മിൽ റൊമാന്റിക്കായി ഒന്നുമില്ല. പക്ഷെ വളരെ അടുപ്പമുണ്ട്. ഒരു കട്ടിലിൽ വേണമെങ്കിൽ കിടക്കും. ആനന്ദ് അപ്പുറത്തും ഞാൻ ഇപ്പുറത്തും കിടക്കും. തല വേദനിക്കുന്നെന്ന് പറഞ്ഞാൽ തല തടവിക്കൊടുക്കും. അപ്പൂപ്പനാണെങ്കിലും ആരാണെങ്കിലും ചെയ്ത് കൊടുക്കുന്നത് പോലെ.
ശ്രേയ ഇമോഷണലിയും ഇന്റലക്ചലായും റൊമാന്റിക്കായും പറ്റുമെന്ന് ആനന്ദിന് തോന്നി. അതേസമയം താനുമായുള്ള അടുപ്പം ആനന്ദ് തുടരുന്നത് ഉൾക്കൊള്ളാൻ ശ്രേയക്ക് ബുദ്ധിമുട്ടായിരുന്നെന്നും കനി പറയുന്നു. അത് മനസിലാക്കാൻ ഞങ്ങൾ മൂന്ന് പേരും സമയമെടുത്തു. എനിക്കും ആനന്ദിനും മിസ് ചെയ്യും. ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറയണം. അതൊന്നും ഒരിക്കലും മടുത്തിട്ടില്ല.
ആനന്ദും ഞാനും തമ്മിലുള്ള ബന്ധവും ആനന്ദും ശ്രേയയും തമ്മിലുള്ള ബന്ധവും ഓവർലാപ്പ് ചെയ്യുന്നില്ല. ആനന്ദും ശ്രേയയും മോണോഗമസ് ആണ്. ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്.
ശ്രേയയെ ഇത്തവണ വിളിച്ചപ്പോൾ, കനീ എനിക്ക് ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല വരുമോ എന്ന് ചോദിച്ചു. ഇത് ത്രീസം അല്ല. ആനന്ദിന് അടുപ്പമുള്ളവരും എനിക്ക് അടുപ്പമുള്ളവരും സുഹൃത്തുക്കളാണ്.” എന്നാണ് ധന്യ വർമ്മയുമായുള്ള അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്.