ആ സിനിമയിൽ നിമിഷയ്ക്ക് കിട്ടിയ വേഷം അഭിനയ സാധ്യതയുള്ളതായിരുന്നു: കനി കുസൃതി

ഇന്ത്യൻ സിനിമകളിൽ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി. നിരവധി അന്താരാഷ്ട്ര അവാർഡുകൾ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് പുറത്ത് തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് കനി എന്നും നിറഞ്ഞു നിൽക്കാറുണ്ട്.

ഇപ്പോഴിതാ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. ഈട എന്ന ചിത്രത്തിൽ നിമിഷ സജയന് ലഭിച്ച കഥാപാത്രം അഭിനയ സാധ്യതയുള്ള കഥാപാത്രമായിരുന്നുവെന്നാണ് കനി പറയുന്നത്. കൂടാതെ അഭിനയ സാധ്യതകളുള്ള സ്ത്രീ കഥാപാത്രങ്ങൾ മലയാളത്തിൽ കുറഞ്ഞുവെന്നാണ് കനി പറയുന്നത്.

“സായി പല്ലവിയെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ ചില തെലുങ്ക് സിനിമകൾ കാണാറുണ്ട്. ചില സിനിമകൾ കോമേഴ്ഷ്യൽ വാല്യൂസൊക്കെ ഉള്ള ചിത്രങ്ങളായിരിക്കും. പക്ഷെ അത്യാവശ്യം പ്രകടനത്തിന് സാധ്യതയുള്ള അവരുടെ ചില വേഷങ്ങൾ തെലുങ്കിൽ ഒന്ന് രണ്ട് സിനിമകളിൽ ഞാൻ കണ്ടിട്ടുണ്ട്.

അതുപോലെയൊക്കെ മലയാളത്തിലുമുണ്ട്. ഈട എന്ന സിനിമയിൽ നിമിഷക്ക് കിട്ടിയത്, അതുപോലെ ദർശനക്ക് കിട്ടിയ ചില വേഷങ്ങൾ അങ്ങനെ ചില കഥാപാത്രങ്ങളൊക്കെ നമുക്ക് അവിടെ ഇവിടെയുണ്ട്.

എന്നാലും പണ്ടത്തെ വെച്ച് മലയാള സിനിമയെ വിലയിരുത്തുമ്പോൾ പ്രകടനങ്ങൾ കുറഞ്ഞു എന്നെനിക്ക് തോന്നാറുണ്ട്. പല തരത്തിലുള്ള പല പ്രായത്തിലുള്ള സ്ത്രീകളുടെയൊക്കെ കഥാപാത്രങ്ങൾ കാണിക്കുന്നത് ഇപ്പോൾ മലയാള സിനിമയിൽ കുറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ത്യ മൊത്തം എടുക്കുമ്പോൾ ഇപ്പോഴും ഇവിടെ എന്തെങ്കിലുമൊക്കെയുണ്ട്. അതൊരു ആശ്വാസമാണ്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്

Read more