ഇന്ത്യൻ സിനിമകളിൽ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി. നിരവധി അന്താരാഷ്ട്ര അവാർഡുകൾ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് പുറത്ത് തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് കനി എന്നും നിറഞ്ഞു നിൽക്കാറുണ്ട്.
ഇപ്പോഴിതാ സിനിമകളിലെ വയലൻസിനെ കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. സിനിമകളിലെ വയലൻസ് തനിക്ക് കണ്ടുകൊണ്ടിരിക്കാൻ കഴിയില്ലെന്നാണ് കനി കുസൃതി പറയുന്നത്. ആവേശം എന്ന സിനിമയിലാണ്ഞാതാൻ ആദ്യമായി ഇടി കാണുന്നതെന്നും കനി കുസൃതി പറയുന്നു.
“സിനിമയിൽ കൊലപാതകം കാണിക്കുന്നത് എനിക്ക് ഇപ്പോഴും ഒട്ടും ഓക്കെയല്ല. സിനിമയിലെ വയലൻസും ആരെയെങ്കിലും കൊല്ലുന്നതുമൊന്നും കാണാൻ എനിക്ക് ഓക്കെയല്ല. ഒരു പ്രേക്ഷക എന്ന നിലയ്ക്ക് ഞാൻ പലപ്പോഴും അതെല്ലാം കാണാതിരിക്കാനേ ശ്രമിക്കുകയുള്ളൂ.
പക്ഷെ എത്രയോ പേർ ഒരാളെ കൊല്ലുന്നത് കുഴപ്പമില്ലാതെ കാണുന്നു. അത് ഒട്ടും ഓക്കെ അല്ലാത്ത പ്രേക്ഷകയാണ് ഞാൻ. പക്ഷെ ലോകത്തൊക്കെ എത്രയോ പേർ കാണിക്കുന്നുണ്ട്. റേപ്പൊക്കെ വിഷ്വലി കാണിക്കുന്നതൊന്നും എനിക്ക് പറ്റില്ല. പക്ഷെ കുറെ പേർ അത് കാണുന്നുണ്ട്. അതൊന്നും കാണാൻ എന്റെ മനസിപ്പോഴും പാകപ്പെട്ടിട്ടില്ല . ഇടി പോലും കാണാൻ പറ്റില്ല. എനിക്ക് തോന്നുന്നത് ആവേശം എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഇടി കാണുന്നത്. കാരണം ഇന്ന് വരെ ഞാനൊരു പടത്തിലും ഇടി കണ്ടിട്ടില്ല. ഇടി വരുമ്പോൾ ഞാൻ കണ്ണ് പൊത്തി ചെവി പൊത്തി ഇരിക്കും. വീട്ടിൽ ആണെങ്കിൽ ഞാൻ പുറത്തേക്ക് ഇറങ്ങി ഓടുമായിരുന്നു.
കാരണം എനിക്കത് കാണാനുള്ള ഒരു മനശക്തി ഉണ്ടായിട്ടില്ല. എല്ലാ കാര്യത്തിലും മനശക്തി ആളുകൾക്ക് ഉണ്ടാവണം എന്നില്ലല്ലോ. ഒട്ടും ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ അത് നമ്മളെ നന്നായി ബാധിക്കാം. അങ്ങനെയൊരു സമൂഹമാണല്ലോ ഇവിടെയുള്ളത്.” എന്നാണ് സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്.
അതേസമയം മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.