ഞാൻ വളരെ സെൻസിറ്റീവായ വ്യക്തിയാണ്, എന്റെ വികാരങ്ങൾ അത്ര പെട്ടെന്ന് ആരെയും കാണിക്കാറില്ല: കനിഹ

ഭാ​ഗ്യദേവത, പഴശ്ശിരാജ, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് കനിഹ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ടെലിവിഷൻ സീരിയലുകളിലും സജീവമാണ് താരം.

ഇപ്പോഴിതാ തന്റെ അമ്മയ്ക്ക് വന്ന രോഗത്തെ കുറിച്ചും അത് തന്നെയും കുടുംബത്തെയും എത്രത്തോളം ബാധിച്ചുവെന്നും പറയുകയാണ് കനിഹ. അമ്മയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചതോടുകൂടി അതുവരെയുണ്ടായിരുന്ന ജീവിതം കീഴ്മേൽ മറിഞ്ഞുവെന്നാണ് കനിഹ പറയുന്നത്.

“എന്റെ അമ്മ ഞങ്ങളോട് കാൻസർ ബോധവത്കരണത്തെക്കുറിച്ച് ധാരാളം സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഒരു ദിവസം അത് അമ്മയെ പിടികൂടുന്നത്. ഒരു ദിവസം സ്തനങ്ങളിൽ വേദന തോന്നുവെന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഉടനെ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി പല ടെസ്റ്റുകളും ചെയ്തു. ഒടുവിൽ അമ്മയ്ക്ക് സ്തനാർബുദമാണെന്ന് കണ്ടെത്തി. അത് എനിക്ക് ശരിക്കും ഷോക്കായി. ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിഞ്ഞു.

വാസ്‌തവത്തിൽ, ഞങ്ങൾ അങ്ങനെ ഒന്ന് നേരിടാൻ ഒട്ടും തയ്യാറായിരുന്നില്ല. പക്ഷേ, ആ സമയത്ത് അമ്മയ്‌ക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് എനിക്ക് ആശ്വാസമായി. സത്യത്തിൽ അമ്മയും അത് പ്രതീക്ഷിച്ചിരുന്നു. കൈപിടിച്ച് എല്ലാം ശരിയാകും എന്നൊരു ആശ്വാസവാക്കാണ് അമ്മ ആഗ്രഹിച്ചിരുന്നത്. കീമോതെറാപ്പിയും റേഡിയേഷൻ ചികിൽസയുമുൾപ്പെടെ ഒരുപാട് വേദനകളിലൂടെ അമ്മ കടന്നു പോയി.

ഞാൻ വളരെ സെൻസിറ്റീവായ വ്യക്തിയാണ്. എന്റെ വികാരങ്ങൾ ഞാൻ അത്ര പെട്ടെന്ന് ആരെയും കാണിക്കാറില്ല. പലർക്കും തങ്ങളുടെ പ്രശ്‌നങ്ങൾ മറ്റുള്ളവരോട് പറയുമ്പോൾ അവരുടെ മനസ്സിലുള്ള ഭാരം കുറയും. പക്ഷെ ഞാൻ അങ്ങനെയല്ല. ആ പ്രശ്നം എന്റെ ഉള്ളിൽ കിടന്ന് തന്നെ ഭേദമാകും. ഞാൻ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ, പാട്ട് വെച്ച് കാറിലിരുന്ന് കരയും. എനിക്കത് ശരിക്കും ഇഷ്ടമാണ്. അങ്ങനെ ചെയ്താൽ എന്തെന്നില്ലാത്ത ഒരു ശക്തി എനിക്ക് തോന്നും.

Read more

ചികിത്സയ്ക്കിടെ അമ്മ അനുഭവിക്കുന്ന വേദന കണ്ട് ഞാൻ തകർന്നുപോയി. സുരക്ഷ മുൻനിർത്തി അമ്മയുടെ സ്തനങ്ങൾ മുറിച്ചുമാറ്റി. അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്നാൽ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഉൾപ്പെടെയുള്ള ചില പോസിറ്റീവ് കാര്യങ്ങൾ ചെയ്തുകൊണ്ട് ഞാൻ ആ സമയങ്ങളെ നേരിട്ടു” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കനിഹ പറഞ്ഞത്.