ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് ആണെന്ന സങ്കൽപത്തിന് ഏറെക്കുറേ ഇപ്പോൾ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഇൻഡസ്ട്രികളിൽ നിന്നും കലാമൂല്യമുള്ള മികച്ച സിനിമകൾ വന്നുതുടങ്ങിയതോടുകൂടി മാസ്- മസാല ബോളിവുഡ് ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് വിമുഖത വന്നുതുടങ്ങി. അതുകൊണ്ട് തന്നെ ഈ വർഷം പകുതിയാവുമ്പോഴും ഇന്ത്യൻ സിനിമയിൽ വലിയ രീതിയിലുള്ള ചലനമുണ്ടാക്കാൻ ബോളിവുഡിന് സാധിച്ചിട്ടില്ല.
ഇപ്പോഴിതാ ബോളിവുഡിന്റെ നിലവാരത്തകർച്ചയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. പ്രേക്ഷകരുടെ അഭിരുചികൾ വളരെയധികം നിർണായകമായെന്നും, 35 കോടി ചോദിക്കുന്ന താരങ്ങളുടെ സിനിമകൾക്ക് കിട്ടുന്ന ഓപ്പണിങ് കളക്ഷൻ വെറും 3.5 കോടിയാണെന്നും കരൺ ജോഹർ പറയുന്നു.
“ഒന്നാമതായി, പ്രേക്ഷകരുടെ അഭിരുചികൾ വളരെ നിർണായകമായി. അവർക്ക് ഒരുതരം സിനിമ വേണം. നിങ്ങൾ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഉയർന്ന സംഖ്യകൾ ലക്ഷ്യമിടുകയാണെങ്കിൽ, നിങ്ങളുടെ സിനിമ എ, ബി, സി കേന്ദ്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണം. മൾട്ടിപ്ലക്സുകൾ മാത്രം മതിയാകില്ല.
താരങ്ങൾ ചോദിക്കുന്നത് 35 കോടിയൊക്കെയാണ്. എന്നാൽ സിനിമകൾക്ക് ലഭിക്കുന്ന ഓപ്പണിങ് വെറും 3.5 കോടി മാത്രം. എങ്ങനെയാണ് ഈ കണക്ക് ശരിയാവുക? ഹിന്ദി സിനിമയുടെ ഓരോ ദശകത്തിനും ഒരു പ്രത്യേക ശൈലി ഉണ്ടായിരുന്നു. ഇപ്പോൾ, തങ്ങൾ ബോധ്യമില്ലാതെ ട്രെൻഡുകൾ പിന്തുടരുകയാണ്.
ജവാൻ അല്ലെങ്കിൽ പത്താൻ പോലുള്ള ഒരു ആക്ഷൻ സിനിമ തിയേറ്ററുകളിൽ വർക്കായാൽ എല്ലാവരും ആക്ഷൻ സിനിമകൾക്ക് പിന്നാലെ പോകുന്നു. അപ്പോൾ ഒരു പ്രണയകഥ വിജയിക്കുന്നു. ബോളിവുഡ് വ്യവസായം എന്തുചെയ്യണം എന്നറിയാതെ ഓടുകയാണ്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ കരൺ ജോഹർ പറഞ്ഞത്.
Read more
0