ആ ഗാനം ഗൗതം മേനോന്റെ ഫോണില്‍ നിന്ന് അടിച്ചു മാറ്റിയത് ,വെളിപ്പെടുത്തലുമായി ഗായകന്‍ കാര്‍ത്തിക്

ഗൗതം മേനോന്റെ സംവിധാനത്തില്‍ വിക്രം നായകനായെത്തുന്ന സിനിമയാണ് ധ്രുവനച്ചത്തിരം. ചിത്രത്തിലെ ഒരു ഗാനത്തിന്റെ പിറവിയെപ്പറ്റി രസകരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ കാര്‍ത്തിക്. ബിഹൈന്‍ഡ് വു്ഡസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“ചിത്രത്തിനായി സംഗീതമൊരുക്കുന്ന തിരക്കിലായിരുന്നു ഞാനും ഗാനരചയിതാവ് മദന്‍ കാര്‍ക്കിയും. ഇതിനായി ഗൗതം മേനോന്റെ ഫോണില്‍ നിന്നു തന്നെ ഒരു ഈണം ഞങ്ങള്‍ക്ക് അടിച്ചു മാറ്റേണ്ടി വന്നു. ആ ഈണത്തിനനുസൃതമായി മദന്‍ കാര്‍ക്കി ഗാനം തയ്യാറാക്കി. ഞാനും ചിന്മയിയും ചേര്‍ന്ന് അത് ആലപിക്കുകയും ചെയ്തു. ഗൗതത്തിന് അത് വളരെ ഇഷ്ടമായി. ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ അവതരിപ്പിക്കാന്‍ തന്നെ ഏതോ ഒാര്‍ അറയില്‍ എന്ന ആ ഗാനം ഉപയോഗിച്ചു”. കാര്‍ത്തിക് പറഞ്ഞു.

ഏറെ പ്രതീക്ഷകളോടെ ഈ വര്‍ഷം തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്ന വിക്രം സിനിമയാണ് ധ്രുവനച്ചത്തിരം. പുറത്തുവന്ന ടീസറുകള്‍ക്ക് മികച്ച സ്വീകരണമാണ് ആരാധകരില്‍ നിന്നു ലഭിക്കുന്നത്. ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഒക്ടോബറില്‍ ചിത്രത്തിന്റെ റിലീസ് ഉണ്ടാകാനാണ് സാധ്യതയെന്ന് സിനിമയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.