മഹാനടിയ്ക്കായി ധരിച്ചത് നൂറ്റി ഇരുപതോളം സാരി, അവ ഡിസൈന്‍ ചെയ്തത് ആറുമാസത്തെ ഗവേഷണത്തിന് ശേഷം: കീര്‍ത്തി സുരേഷ്

രാജ്യത്തെ മികച്ച അഭിനേത്രിയായി കീര്‍ത്തിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് നടി കീര്‍ത്തി സുരേഷ്. തെലുങ്കു ചിത്രം മഹാനടിയിലെ പ്രകടനമാണ് കീര്‍ത്തിയ്ക്ക് അറുപത്തിയാറാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസ നായികയായിരുന്ന സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി. ഏതാണ്ട് ഒരുവര്‍ഷത്തോളം സാവിത്രിയമ്മയായി ജീവിക്കുകയായിരുന്നെന്നും ഷൂട്ട് നടക്കുന്ന സമയങ്ങളിലെല്ലാം സാവിത്രിയമ്മയെ കുറിച്ചായിരുന്നു ചിന്തയെന്നും കീര്‍ത്തി പറയുന്നു.

“സിനിമയില്‍ ഒരിക്കല്‍ പോലും കീര്‍ത്തിയായി ജീവിച്ചില്ല എന്നു പറയാം. അവരുടെ സിനിമകള്‍ ഒഴിവു സമയങ്ങളിലിരുന്ന് വീണ്ടും വീണ്ടും കാണുമായിരുന്നു. അവരെ കുറിച്ചെഴുതിയ കുറിപ്പുകളും വായിക്കും. പൂര്‍ണമായും സാവിത്രിയമ്മയുടെ ജീവിതമായിരുന്നു ആ നാളുകളില്‍ ഞാന്‍ ജീവിച്ചത്. ഓരോ സീനും എടുക്കുന്നതിന് മുമ്പ് അത് പലവട്ടം അഭിനയിച്ച് നോക്കുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടതിന്റെ വിജയമാണ് ആ സിനിമ.”

Image result for keerthi suresh mahanati

“ആദ്യ ടീസര്‍ ഇറങ്ങിയശേഷമാണ് കുറച്ച് ആശ്വാസമായത്. സാവിത്രിയമ്മയെ പോലെ തന്നെയിരിക്കുന്നുവെന്നൊക്കെ കേട്ടപ്പോള്‍ സന്തോഷമായി. ആ സിനിമയ്ക്ക് വേണ്ടി നൂറ്റി ഇരുപതോളം സാരി ധരിച്ചിരുന്നു. വസ്ത്രാലങ്കാരം നിര്‍വഹിച്ച ഗൗരംഗ് ഷാ, അര്‍ച്ചന്‍ റാവു, കോസ്റ്റ്യൂം ഡിസൈനര്‍ ഇന്ദ്രാക്ഷി പട് നായിക് മാലിക് ഇവരെയെല്ലാം പ്രത്യേകം അഭിനന്ദിക്കണം. ആറു മാസത്തോളം അവര്‍ ഗവേഷണം നടത്തിയിട്ടാണ് സാവിത്രി അമ്മയുടെ സാരികള്‍ ഡിസൈന്‍ ചെയ്തത്.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.