മഞ്ഞള്‍ താലി എന്നെ ഹോട്ട് ആയി കാണിക്കുന്നു, ഇത് മാറ്റി സ്വര്‍ണം ഇടാത്തതിന് പിന്നിലൊരു കാരണമുണ്ട്: കീര്‍ത്തി സുരേഷ്

കഴിഞ്ഞ ഡിസംബര്‍ 12ന് ആയിരുന്നു നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത്. 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. തന്റെ പ്രണയത്തെ കുറിച്ച് കീര്‍ത്തി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ കീര്‍ത്തി സ്വര്‍ണ താലി അണിയാതെ മഞ്ഞള്‍ താലിയും അണിഞ്ഞ് പൊതുപരിപാടികളില്‍ അടക്കം പങ്കെടുത്ത വീഡിയോ ശ്രദ്ധ നേടിയിരുന്നു. സ്വര്‍ണം അണിയാതെ മഞ്ഞള്‍ താലി തന്നെ അണിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കീര്‍ത്തി ഇപ്പോള്‍.

ബേബി ജോണ്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനാണ് കീര്‍ത്തി താലി അണിഞ്ഞ് എത്തിയത്. ”ഈ മഞ്ഞള്‍ താലി അണിഞ്ഞ് തന്നെ പരിപാടികളില്‍ പങ്കെടുക്കാന്‍ കാരണമുണ്ട്. എന്തെന്നാല്‍ വിശുദ്ധമായ ഈ ചരട് അങ്ങനെ മാറ്റാന്‍ പറ്റില്ല. ഒരാഴ്ചയ്ക്കുള്ളിലോ പത്ത് ദിവസത്തിനുള്ളിലോ ശുഭദിനം ഉണ്ടെങ്കില്‍ ഇത് മാറ്റി സ്വര്‍ണ ചെയ്ന്‍ ഇടും.”

”എന്നാല്‍ അങ്ങനൊരു ശുഭദിനം കിട്ടിയിട്ടില്ല. ജനുവരി അവസാനത്തില്‍ ശുഭദിനമുണ്ട്. അതുവരെ ഞാന്‍ ഇത് തന്നെ ധരിക്കും. പ്രമോഷന് പോകുമ്പോള്‍ ഇത് ധരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍, പിന്നെ ഇത് ഇവിടെ കെട്ടിയതിന്റെ ആവശ്യമെന്താണ്. ഇത് നമ്മുടെ നെഞ്ചില്‍ തട്ടി കിടക്കണം എന്ന് ആരോ എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് പവിത്രമാണ്, മാത്രമല്ല ശക്തിയുള്ളതാണ്.”

”സ്വര്‍ണ ചെയ്‌നിലേക്ക് മാറിക്കഴിഞ്ഞാല്‍ അത് സാധാരണ പോലെയാകും. വേണമെങ്കില്‍ ഇത് ഉള്ളിലേക്ക് ഇടാം എന്ന് ചിലര്‍ പറഞ്ഞിരുന്നു. പക്ഷെ ഇങ്ങനെ കിടക്കുന്നത് ഹോട്ട് ആയി കാണിക്കും എന്ന് എനിക്ക് തോന്നി. ഇത് പുറത്തേക്ക് കാണിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്” എന്നാണ് കീര്‍ത്തി സുരേഷ് ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് ആന്റണിയുമായി പ്രണയത്തിലായതെന്ന് കീര്‍ത്തി വെളിപ്പെടുത്തിയിരുന്നു. 2010ല്‍ പ്രൊപ്പോസ് ചെയ്തു. 2016ല്‍ പ്രോമിസിങ് റിംഗ് നല്‍കി. കൊവിഡ് കാലം മുതല്‍ ഒന്നിച്ച് താമസിക്കാന്‍ ആരംഭിച്ചു എന്നാണ് കീര്‍ത്തി തന്റെ പ്രണയകാലത്തെ കുറിച്ച് പറഞ്ഞത്. മാത്രമല്ല സിനിമാ മേഖലയില്‍ കല്യാണി പ്രിയദര്‍ശന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ക്ക് മാത്രമേ തന്റെ കാര്യം അറിയുമായിരുന്നുള്ളുവെന്നും കീര്‍ത്തി പറഞ്ഞിരുന്നു.