ആ കാര്യത്തിൽ കേരളവും തമിഴ്നാടും ഒറ്റക്കെട്ടാണ്: ഉദയനിധി സ്റ്റാലിൻ

പുരോഗമന ചിന്താഗതിയുടെ കാര്യത്തിലും സാംസ്കാരിക സമ്പന്നതയുടെ കാര്യത്തിലും കേരളവും തമിഴ്നാടും ഒരേപോലെയാണെന്ന് നടനും തമിഴ്നാട് യുവജന ക്ഷേമവകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. കണ്ണൂർ യൂണിവേഴ്സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താരം.

“കേരളവും തമിഴ്നാടും ചരിത്രപരമായും സാംസ്കാരികപരമായും അടുത്തുനിൽക്കുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതൃത്വം കാലങ്ങളായി ആത്മബന്ധം സൂക്ഷിക്കുന്നവരാണ്. മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം കെ സ്റ്റാലിനും ദൃഢമായ അടുപ്പമാണുള്ളത്.

തമിഴ് മക്കള്‍ ഹിന്ദി ഭാഷയ്ക്ക് എതിരല്ല എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കും. കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തെ തകര്‍ക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഭരണ പ്രതിസന്ധിയുണ്ടാക്കുന്നു. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. ഫാസിസത്തിന് എതിരായ പോരാട്ടത്തിലും രണ്ട് സംസ്ഥാനങ്ങളും ഒറ്റക്കെട്ടാണ്.” സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

Read more

സമാപന സമ്മേളനത്തിൽ കെ വി സുമേഷ് എം എല്‍ എ, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍, മുന്‍ എം എല്‍ എ എം വി ജയരാജന്‍, എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ എന്നിവർ സംസാരിച്ചു.