രജനികാന്തിനൊപ്പം സിനിമ ചെയ്തതില്‍ നിരാശ, നായികയാക്കാമെന്ന് പറഞ്ഞു, പക്ഷെ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കി: ഖുശ്ബു

രജനികാന്തിനൊപ്പം ‘അണ്ണാത്തെ’ എന്ന ചിത്രത്തില്‍ അഭിനയിച്ചത് തെറ്റായി പോയെന്ന് നടി ഖുശ്ബു. രജനികാന്തിന്റെ നായിക എന്നാണ് പറഞ്ഞത്, എന്നാല്‍ സിനിമ വന്നപ്പോള്‍ തന്റെ കഥാപാത്രം കാര്‍ട്ടൂണ്‍ പോലെയായി. ഡബ്ബ് ചെയ്യുന്ന സമയത്ത് സിനിമ കണ്ടപ്പോള്‍ നിരാശ ആയിരുന്നു. യഥാര്‍ത്ഥ്യത്തില്‍ എന്താണ് നടന്നതെന്ന് അറിയില്ല എന്നാണ് ഖുശ്ബു പറയുന്നത്.

ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമകള്‍ ഉണ്ടോ എന്ന ചോദ്യത്തോടാണ് ഖുശ്ബു പ്രതികരിച്ചത്. ”എന്നോട് പറഞ്ഞത് പോലെയായിരുന്നില്ല ആ കഥാപാത്രം. ചിത്രത്തില്‍ ഞാനും മീനയും ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരുമാണ് നായികമാര്‍ എന്നാണ് ആദ്യം പറഞ്ഞത്. രജനികാന്തിന്റെ നായികയായി മറ്റ് നടിമാര്‍ ഉണ്ടാകില്ല എന്ന വിശ്വാസത്തിലാണ് പ്രോജക്റ്റ് ചെയ്യാന്‍ സമ്മതിച്ചത്.

വളരെ സന്തോഷവും ഭാഗ്യവുമായി അതിനെ കണ്ടു. വളരെ സന്തോഷകരവും, ഹാസ്യാത്മകവും, രസകരവുമായ ഒരു വേഷമായിരുന്നു അത്. പക്ഷേ, പദ്ധതി പുരോഗമിക്കുമ്പോള്‍, രജനി സാറിന് പെട്ടെന്ന് ഒരു നായികയെ ലഭിച്ചു. അതിലേക്ക് ഒരു കഥാപാത്രത്തെ ഉള്‍പ്പെടുത്തി. അപ്പോള്‍ എനിക്ക് തോന്നി ഞാന്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായെന്ന്.

ഡബ്ബ് ചെയ്യുന്ന സമയത്ത് സിനിമ കണ്ടപ്പോള്‍ വളരെ നിരാശയായി എന്നാണ് ഖുശ്ബു പറയുന്നത്. അതേസമയം, പുതിയ നായിക വേണം എന്നത് രജനികാന്തിന്റെ തീരുമാനം ആയിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെയൊരു വ്യക്തിയല്ല എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി.

എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് അറിയില്ല. ചിലപ്പോള്‍ സംവിധായകനോ നിര്‍മാതാവിനോ പുതിയ നായിക വേണമെന്ന് തോന്നിക്കാണും. അല്ലെങ്കില്‍ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കും. എനിക്കും മീനയ്ക്കും രജനീകാന്തിനൊപ്പം പ്രത്യേക ഡ്യുവറ്റ് ഗാനങ്ങള്‍ ഉണ്ടായിരുന്നു എന്നും ഖുശ്ബു വ്യക്തമാക്കി. 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അണ്ണാത്തെ.