എട്ടാം വയസു മുതല്‍ പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ഈയടുത്ത ദിവസമാണ് നടി ഖുശ്ബു വെളിപ്പെടുത്തിയത്. 15 വയസ് വരെ മൗനം പാലിച്ച താന്‍ പിന്നീട് പ്രതികരിക്കുകയായിരുന്നു എന്നാണ് ഖുശ്ബു പറഞ്ഞത്. അതിന് ശേഷം പിതാവുമായുള്ള എല്ലാ ബന്ധവും ഖുശ്ബു വേര്‍പ്പെടുത്തുകയായിരുന്നു.
ഈ സംഭവത്തെ കുറിച്ച് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ഖുശ്ബു. താന്‍ ജീവിതത്തില്‍ നേരിട്ട ദുരനുഭവമാണ് പറഞ്ഞത്. അതില്‍ തനിക്കൊരു നാണക്കേടുമില്ല. പറഞ്ഞത് മോശമാണെന്ന് തോന്നുന്നില്ല എന്നാണ് ഖുശ്ബു വ്യക്തമാക്കുന്നത്. ”കുട്ടിക്കാലത്ത് ഞാനതിന് വിധേയയാകുമ്പോള്‍, എനിക്കും ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു.”
”എന്റെ സഹോദരങ്ങളെയും അമ്മയെയും കുറിച്ച് എനിക്ക് വിഷമിക്കേണ്ടി വന്നു. മറ്റേതൊരു വേട്ടക്കാരനെയും പോലെ എന്റെ പിതാവും ഞാനിതിനെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞാലുള്ള അനന്തരഫലത്തെ കുറിച്ച് എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. എന്റെ അമ്മയെയും മൂന്ന് സഹോദരന്മാരെയും ഉപദ്രവിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.”
”ബാലപീഡനങ്ങളില്‍ മിക്കപ്പോഴും അതാണ് സംഭവിക്കുന്നത്. പരിണതഫലങ്ങള്‍ ഭയന്ന് കുട്ടികള്‍ മൗനം പാലിക്കുന്നു. പീഡകര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തുടരുന്നു. പോക്സോ പോലുള്ള കര്‍ശന നിയമങ്ങള്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ എന്റെ പിതാവിനെ കോടതി കയറ്റുമായിരുന്നു.”
”പരിചയക്കാരില്‍ നിന്നും അറിയാത്തവരില്‍ നിന്നുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച ഫോണ്‍ കോളുകളുടെ എണ്ണം അവിശ്വസനീയമാണ്. ഞാനൊരു ഞെട്ടിക്കുന്ന പ്രസ്താവനയും നടത്തിയിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യം സത്യസന്ധമായി തുറന്നു പറയുകയാണ് ചെയ്തത്. അതില്‍ എനിക്കൊരു നാണക്കേടുമില്ല.”
”യഥാര്‍ഥത്തില്‍ കുറ്റം ചെയ്ത വ്യക്തിക്കാണ് നാണക്കേട് തോന്നേണ്ടത്. എനിക്ക് സംഭവിച്ചത് തുറന്ന് പറയാന്‍ കുറെ സമയം വേണ്ടി വന്നു. എന്നാല്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ഇത്തരം സംഭവങ്ങള്‍ തുറന്ന് പറയണം. നിങ്ങള്‍ ശക്തരായിരിക്കണം” എന്നാണ് ഖുശ്ബു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.