എട്ടാം വയസ് മുതല്‍ പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഖുശ്ബു സുന്ദര്‍. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള സംഭാഷണത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നു പോയതെന്നും ഖുശ്ബു പറയുന്നു.
ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവര്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അത് ജീവിതകാലം മുഴുവന്‍ അവരെ മുറിവേല്‍പ്പിക്കുന്നു. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്.
ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു തന്റെ അച്ഛന്‍. എട്ടാം വയസ് മുതല്‍ അച്ഛന്‍ തന്നെ ഉപദ്രവിച്ചു തുടങ്ങി. 15 വയസ് ആയപ്പോഴാണ് അയാള്‍ക്കെതിരെ സംസാരിക്കാന്‍ തനിക്ക് ധൈര്യമുണ്ടായത്.
മറ്റ് കുടുബാംഗങ്ങളും ദുരുപയോഗം ചെയ്യപ്പെടുമോ എന്ന അവസ്ഥ വന്നപ്പോഴാണ് താനൊരു നിലപാട് എടുത്തത്. അതുവരെ താന്‍ വാ തുറന്നിരുന്നില്ല. ഭര്‍ത്താവിനെ ദൈവമായി കാണണം എന്ന ചിന്താഗതിയുള്ള തന്റെ അമ്മ തന്നെ വിശ്വസിച്ചേക്കില്ല എന്ന ഭയം ഉള്ളിലുണ്ടായിരുന്നു.
പക്ഷെ പതിനഞ്ചാം വയസില്‍ താന്‍ അച്ഛനെതിരെ പൊരുതിത്തുടങ്ങി. തനിക്ക് 16 വയസുള്ളപ്പോള്‍ അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ചു. എന്തു ചെയ്യുമെന്ന അവസ്ഥയിലായിരുന്നു പിന്നീട്. ബാല്യകാലം കഠിനമായിരുന്നെങ്കിലും പോരാടാനുള്ള ധൈര്യം തനിക്ക് ലഭിച്ചു എന്നാണ് ഖുശ്ബു പറയുന്നത്.