ഇടയ്ക്ക് പുറത്തിറങ്ങി ആകാശത്തേക്കു നോക്കും, ഒരു വിമാനമെങ്കിലും കാണാന്‍ കൊതിയായി, 'എന്നെ ഒന്ന് പൊടി തട്ടി എടുത്തു വയ്ക്കഡേയ്' എന്ന് പാസ്‌പോര്‍ട്ട് പറയുന്നുണ്ട്: കോട്ടയം നസീര്‍

കോവിഡ് ലോക്ഡൗണിനിടെ മനോഹരമായ പെയിന്റിംഗുകള്‍ തീര്‍ത്ത് പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് നടന്‍ കോട്ടയം നസീര്‍. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെ ശ്രദ്ധ നേടി മലയാള സിനിമയില്‍ എത്തിയ താരമാണ് കോട്ടയം നസീര്‍. കോവിഡിന് മുമ്പ് കൈ നിറയെ പരിപാടികള്‍ ആയിരുന്ന കാലത്തെ കുറിച്ചാണ് കോട്ടയം നസീര്‍ പറയുന്നത്.

പൊട്ടന് നൂറു കോടി ലോട്ടറിയടിച്ചു, ഐശ്വര്യ റായിയെ പോലെ ഒരു സുന്ദരിയേയും കിട്ടി, അതായിരുന്നു അന്ന് തന്റെ അവസ്ഥ. കൈ നിറയെ പ്രോഗ്രാമുകള്‍, പിന്നെ സിനിമയും. ദുബായില്‍ നിന്ന് ഒറ്റ രാത്രിയില്‍ കൊച്ചിയിലെത്തി പ്രോഗ്രാം അവതരിപ്പിച്ച് അടുത്ത വിമാനത്തില്‍ ബഹ്‌റൈനിലേക്ക് പോയിട്ടുണ്ട്. ചിലപ്പോള്‍ ഷെഡ്യൂള്‍ മാറും.

അതോടെ എല്ലാം മാറി മറിയും. നാലായിരത്തിനടുത്ത് പരിപാടികള്‍ ചെയ്തിട്ടുണ്ടാകും. മുപ്പത്തഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം സ്റ്റേജുകള്‍. ഇങ്ങനെ പറന്നു നടന്ന താന്‍ ലോക്ഡൗണില്‍ പെട്ട് വീട്ടിലിരുന്നു. ഇപ്പോള്‍ ഇടയ്ക്ക് പുറത്തിറങ്ങി ആകാശത്തേക്കു നോക്കും. ഒരു വിമാനമെങ്കിലും കാണാന്‍ കൊതിയായി.

‘എന്നെ ഒന്ന് പൊടി തട്ടി എടുത്തു വയ്ക്കഡേയ്’ എന്ന് പാസ്‌പോര്‍ട്ട് പറയുന്നുണ്ട്. ലോക്ഡൗണില്‍ എങ്ങനെ സമയം ചിലവഴിക്കുമെന്ന് ആലോചിച്ചപ്പോഴാണ് ജന്മസിദ്ധമായ കഴിവ് എടുത്തു വീശിയത്. ചിത്രരചന തിരിച്ചു വന്നു. ഒരുപാടു പേരുടെ അഭിനന്ദനങ്ങള്‍ കിട്ടി.

ലാലേട്ടന്റെ പെയ്ന്റിങ് ശേഖരം പ്രസിദ്ധമാണല്ലോ. താന്‍ വരച്ച ഒരു ചിത്രം അതില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതൊക്കെ വലിയ കാര്യമല്ലേ. അതുകൊണ്ട് കഴിഞ്ഞ രണ്ടു ലോക്ഡൗണും നഷ്ടമായി കാണുന്നില്ല എന്നാണ് കോട്ടയം നസീര്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.