'ഗംഭീര സ്‌ക്രിപ്റ്റ്' എന്ന് പൃഥ്വിരാജിന്റെ പ്രശംസ, എന്നാല്‍ സിനിമ നടന്നില്ല; കാരണം വ്യക്തമാക്കി കോട്ടയം നസീര്‍

ഗംഭീര സ്‌ക്രിപ്റ്റ് ആണെന്ന പ്രശംസ പൃഥ്വിരാജില്‍ നിന്നും നേടിയെങ്കിലും താന്‍ ഒരുക്കാനിരുന്ന സിനിമ യഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചില്ലെന്ന് കോട്ടയം നസീര്‍. സിനിമ ഡ്രോപ്പ് ചെയ്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കോട്ടയം നസീര്‍ ഇപ്പോള്‍. മനോരമാ ന്യൂസിനോടാണ് കോട്ടയം നസീര്‍ സംസാരിച്ചത്.

”കോട്ടയം നസീര്‍ ഒരു സ്‌ക്രിപ്റ്റ് പറഞ്ഞിട്ടുണ്ട്. നസീറിക്ക, ഒന്നും തോന്നരുത്, നസീറിക്കയെ കണ്ടാല്‍ അങ്ങനെ ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്നെ വല്ലാതെ സര്‍പ്രൈസ് ചെയ്യിച്ച ഒരു സ്‌ക്രിപ്റ്റാണ് അത്” എന്നായിരുന്നു പൃഥ്വിരാജ് ബ്രദേഴ്‌സ് ഡേ സിനിമയുടെ ഗെറ്റ് റ്റുഗദറില്‍ സംസാരിക്കവെ പറഞ്ഞത്.

എന്നാല്‍ ഈ സിനിമ ഡ്രോപ്പ് ചെയ്തതായി കോട്ടയം നസീര്‍ വ്യക്തമാക്കി. കോവിഡ് കാലത്തിന് മുമ്പാണ് ആ സ്‌ക്രിപ്റ്റില്‍ ചര്‍ച്ച നടക്കുന്നത്. കുട്ടിച്ചന്‍ എന്നൊരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. അതിന്റെ ബാക്ക്‌സ്റ്റോറിയാണ് പൃഥ്വിരാജിനോട് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ സംവിധാനത്തിലേക്ക് കടക്കുന്നില്ല, അഭിനയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നോക്കുന്നത് എന്നാണ് കോട്ടയം നസീര്‍ പറയുന്നത്. അതേസമയം, ‘കടുവ’ എന്ന സിനിമ എത്തിയതിന് പിന്നാലെയാണ് കോട്ടയം നസീര്‍ ഈ സിനിമ വേണ്ടെന്ന് വച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്‍പത് കാലഘട്ടത്തിലെ ഒരു അച്ചായന്‍ കഥാപാത്രമായിരുന്നു കോട്ടയം നസീര്‍ ഉദ്ദേശിച്ചിരുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കടുവയില്‍ സമാനമായ കഥാപാത്രമായിരുന്നു. തിരക്കഥ പൃഥ്വിരാജിനെ കേള്‍പ്പിച്ചെങ്കിലും പിന്നീട് ചര്‍ച്ചകള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് നടന്‍ പറയുന്നത്.