സോഷ്യല്‍ മീഡിയയില്‍ എത്തുന്ന കമന്റുകളോട് പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. അടുത്തിടെ മകള്‍ ഹന്‍സികയുടെ ജന്മദിനത്തില്‍ മകളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചിരുന്നു. ഇതിന് താഴെ ചില മോശം കമന്റുകളും എത്തിയിരുന്നു. ഇതിനോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍.
”വീഡിയോയും ഫോട്ടോകളും മോശമായി കാണുന്നവരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. ഇംഗ്ലിഷില്‍ ഒരു ചൊല്ലുണ്ട്. ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മള്‍ ഇഷ്ടപ്പെടുന്ന പലതും മറ്റൊരാള്‍ തല്ലിപ്പൊളി എന്ന പറഞ്ഞേക്കും. അത് ഒരു വശമാണ്. പിന്നെ എന്റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെ എഴുതി കഴിഞ്ഞാല്‍ നമ്മളെ മാനസികമായി തകര്‍ക്കാം എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ടാകാം.”
”അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം. അത് എപ്പോഴും അങ്ങനെയാണ്. ഞാന്‍ എപ്പോഴും മക്കളോട് പറയുന്ന ഒരു കാര്യമുണ്ട്, നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷേ അത് ക്രിയേറ്റിവും പോസിറ്റീവും ആയിരിക്കണം.”
”ഒരാളെ പറ്റി മോശം പറഞ്ഞ് പണം ഉണ്ടാക്കിയാല്‍ നല്ല അടികിട്ടും. സമയം മോശമാകുമ്പോള്‍ വരുന്ന അടിയെന്ന് പറഞ്ഞാല്‍ അങ്ങനത്തെ അടിയാകും. താങ്ങാനാവില്ല. ഞാന്‍ എന്റെ മകളെ കെട്ടിപ്പിടിക്കുന്നതിലും ഉമ്മ കൊടുക്കുന്നതിലും അവര്‍ വലിപ്പവും ചെറുപ്പവും ആണ് പറയുന്നത്. ബന്ധങ്ങളെ ശരിക്കും മനസിലാക്കാത്ത ആളുകളുണ്ട്.”
വളരെ ദുഷിച്ച രീതിയിലാകും അവരുടെ കുടുംബം, എന്റെ മകളെ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും മോശമായി കാണുന്നത് കാഴ്ചപ്പാടിന്റെ പ്രശ്‌നം: കൃഷ്ണകുമാര്‍
”അവരുടെ വീട്ടില്‍ ചിലപ്പോള്‍ വളരെ ദുഷിച്ച രീതിയിലാകും കുടുംബം. താറുമാറായ കുടുംബമായിരിക്കും. അത് അവര്‍ക്കുണ്ടാകുന്ന കോംപ്ലക്‌സ് ആണ്. അതിനെ കുറ്റം പറയാന്‍ പറ്റില്ല. അയാള്‍ അനുഭവിക്കുന്നതില്‍ നിന്ന് തോന്നുന്നതാകും. അച്ഛന് മകളെ മാത്രമല്ല മകന് അമ്മയെയും കെട്ടിപ്പിടിക്കാം. എന്റെ അമ്മയും ഞാന്‍ നല്ല പ്രായവ്യത്യാസമുള്ളവരാണ്. അമ്മ വലിയ സ്‌നേഹ പ്രകടനങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. അമ്മ എന്നെ കെട്ടിപിടിച്ചതായുള്ള ഓര്‍മപോലും എനിക്കില്ല.”
”പക്ഷേ പിന്നീട് ഒരു ഘട്ടത്തില്‍ അമ്മ കിടപ്പിലായി പോയി. അപ്പോള്‍ ഞാന്‍ അമ്മയെ എടുക്കുകയും മുന്നില്‍ കൊണ്ടുപോയി ഇരുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. അമ്മ വയ്യ എന്നൊക്കെ പറയും. പക്ഷേ ഞാന്‍ ചെയ്യും. അത് അമ്മയെ തൊടാനും എടുക്കാനുമുള്ള ആഗ്രഹം കൊണ്ടായിരുന്നു. ഇന്ന് എനിക്ക് അമ്മയില്ല. ഇതുപോലെ ഒരുപാട് പേര്‍ കാണും.”
”ഇത് കാണുന്നവരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ അച്ഛനെയും അമ്മയെയുമൊക്കെ കെട്ടിപ്പിടിക്കണം ഉമ്മ കൊടുക്കണം, അവരോട് സ്‌നേഹത്തില്‍ പെരുമാറണം. കാരണം അവരില്ലാതെ വരുന്ന ഒരു ദിവസം ഉണ്ടാകും. അപ്പോഴേ അതിന്റെ വേദന അറിയൂ” എന്നാണ് കൃഷ്ണകുമാര്‍ ഇന്താഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.