ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിനിമ താരങ്ങളെയും സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തുറന്നടിച്ചത്.
മണിപ്പൂരിലോ കാശ്മീരിലോ, പേര് പോലുമറിയാത്ത ഉള്‍നാടുകളില്‍ നടക്കുന്ന ഒരു പീഡനവാര്‍ത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ നാമിപ്പോള്‍ കാണുന്നില്ല എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. കൂടാതെ മണിപ്പൂര്‍ വിഷയത്തില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് അപമാനഭാരം കൊണ്ട് താണുപോയ ഒരു പ്രമുഖ സിനിമാനടന്റെ തല ഇപ്പോള്‍ കാണാനില്ല എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
കൃഷ്ണകുമാറിന്റെ കുറിപ്പ്:
ഇന്നലെ ഉച്ച മുതല്‍ ഇന്നീ നിമിഷം വരെ, ഉള്ളില്‍ നന്മയുള്ള ഏതൊരു മലയാളിയും മനസ്സും മനഃസാക്ഷിയും മരവിച്ച ഒരവസ്ഥയിലാണ്. ആലുവയിലെ ആ കൊച്ചുപെണ്‍കുട്ടിയുടെ മുഖം വലിയ നടുക്കവും, വീണ്ടും ഒരുപിടി ചോദ്യങ്ങളും നമുക്കുമുന്നിലുയര്‍ത്തുന്നു. ഒപ്പം, അടക്കാന്‍ പറ്റാത്തത്രയും നിസ്സഹായതയും രോഷവും.
തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക നായയെയും നാമിപ്പോള്‍ കാണുന്നില്ല. മണിപ്പൂരിലോ കാശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉള്‍നാടന്‍ വടക്കേ ഇന്ത്യന്‍ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാര്‍ത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ നാമിപ്പോള്‍ കാണുന്നില്ല. ഒന്നുരണ്ടാഴ്ചകള്‍ക്കു മുന്‍പ്, അപമാനഭാരം കൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോള്‍ കാണുന്നില്ല.
മദ്യവും മയക്കുമരുന്നും അരാജകത്വവും സ്വജനപക്ഷപാതവും ന്യൂനപക്ഷപ്രീണനവും സമാസമം ചേര്‍ത്തുവെച്ചു കേരളത്തെ നമ്പര്‍ വണ്‍ ആക്കിയ ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എനിക്കോ നിങ്ങള്‍ക്കോ, പറക്കമുറ്റാന്‍ പോലുമാവാത്ത നമ്മുടെയൊക്കെ കൊച്ചുമക്കള്‍ക്കുപോലുമോ ഇവിടെ അപായഭീതിയില്ലാതെ ജീവിക്കാന്‍ സാധ്യമല്ല. ഹിന്ദുവായി ജനിച്ചുപോയെങ്കില്‍ പ്രത്യേകിച്ചും. 2016 മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം 31364 കേസുകളാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ത്തന്നെ 9604 എണ്ണം ലൈംഗികാതിക്രമങ്ങളാണ്.
214 കുരുന്നുകളാണ് ഈ കാലയളവില്‍ നമ്മുടെ കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കണക്കില്‍പ്പടാത്തവ ഇതിലുമെത്രയോ, എത്രയോ ഏറെയായിരിക്കും? വോട്ടുബാങ്കില്‍ മാത്രം കണ്ണുവെച്ച്, ഇവിടെ വന്നടിയുന്ന സകല അന്യസംസഥാന തൊഴിലാളികളെയും അതിഥി, അഭിമാനമെന്നൊക്കെ പേരിട്ടുവിളിച്ച് ആദരിക്കുന്ന സര്‍ക്കാരും, ശിങ്കിടികളായ സഖാക്കളും ഒന്നോര്‍ത്താല്‍ നന്ന്. ജനം ഇതുമുഴുവന്‍ കാണുന്നുണ്ട്. കണക്കുപറയാന്‍ അവര്‍ക്കു കൈതരിക്കുന്നുമുണ്ട്.
കൂടുതലൊന്നും എഴുതാന്‍ വയ്യ. പുഴുക്കുത്തുവീണുപോയ ഒരു സമൂഹത്തിലെ, പരാജയപ്പെട്ടുനില്‍ക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ അംഗമെന്നും പ്രതീകമെന്നുമുള്ള നിലയില്‍ ഇത്ര മാത്രം പറയുന്നു ; മാപ്പു തരിക മകളേ. വരും കാലങ്ങളെങ്കിലും നിന്റെ സഹോദരിമാര്‍ക്ക് ജീവഭയമില്ലാതെ പുറത്തിറങ്ങാനും പറന്നുയരാനുമുള്ള അവസരം ഇന്നാട്ടിലുണ്ടാകും. അതിലേക്കായി മാത്രമായിരിക്കും എന്റെ എല്ലാ പരിശ്രമങ്ങളും.