ആദ്യം കളിയാക്കി, പിന്നീട് വഴക്ക് പറഞ്ഞു.. അതിന് ശേഷം മമ്മൂക്കയുടെ മുന്നില്‍ പോയിട്ടില്ല; കാരണം പറഞ്ഞ് കൃഷ്ണശങ്കര്‍

‘നേരം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് കൃഷ്ണശങ്കര്‍. തുടര്‍ന്ന് ‘പ്രേമം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടുകയായിരുന്നു. അഭിനയരംഗത്ത് എത്തുന്നതിന് മുമ്പ് ക്യാമറയ്ക്ക് പിന്നിലായിരുന്നു കൃഷ്ണശങ്കര്‍ പ്രവര്‍ത്തിച്ചത്. അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കൃഷ്ണശങ്കര്‍ ഇപ്പോള്‍.

രഞ്ജിത്ത് ശങ്കറിന്റെ ‘വര്‍ഷം’ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് ഈ സംഭവം. ”അന്ന് പേടിയായിരുന്നു. സെറ്റില്‍ മീറ്റര്‍ കൊണ്ട് റീഡ് ചെയ്യണം. ആദ്യം റീഡിംഗ് പറഞ്ഞപ്പോള്‍ തെറ്റി, അപ്പോള്‍ മമ്മൂക്ക കളിയാക്കി. പക്ഷേ അത് കഴിഞ്ഞ് മമ്മൂക്കയുടെ അടുത്ത് നിന്നും വഴക്ക് കേട്ടിട്ടുണ്ട്.”

”അതിന് ശേഷം ഞാന്‍ പിന്നീട് മമ്മൂക്കയുടെ മുന്നില്‍ പോയിട്ടില്ല” എന്നാണ് കൃഷ്ണശങ്കര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അഭിനയത്തിലേക്ക് വന്നപ്പോഴുള്ള അനുഭവങ്ങളും കൃഷ്ണശങ്കര്‍ പങ്കുവയ്ക്കുന്നുണ്ട്. അഭിനയത്തിലേക്ക് വന്നപ്പോഴും ഒരുപാട് അനുഭവങ്ങളുണ്ടായി എന്നാണ് നടന്‍ പറയുന്നത്.

”ആദ്യ സിനിമയില്‍ എല്ലാം ഒകെ ടെയ്ക് എന്ന് പറയുമ്പോള്‍ സമാധാനമായിരുന്നു. റീടെയ്ക് എന്ന് പറഞ്ഞാല്‍ എന്തോ പേടി പോലെയായിരുന്നു. പിന്നെ പിന്നെ നമ്മള്‍ അങ്ങോട്ടേക്ക് റീടെയ്ക് എടുക്കാന്‍ പറഞ്ഞു തുടങ്ങി” എന്നാണ് കൃഷ്ണശങ്കര്‍ പറയുന്നത്.

അതേസമയം, ‘പട്ടാപ്പകല്‍’ എന്ന ചിത്രമാണ് കൃഷ്ണശങ്കറിന്റെതായി ഇന്ന് തിയേറ്ററുകളില്‍ എത്തുന്നത്. സാജിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘ഒറ്റക്കൊമ്പന്‍’, ‘പാട്ട്’, ‘വെള്ളരിപ്പട്ടണം’ എന്നീ ചിത്രങ്ങളിലാണ് കൃഷ്ണശങ്കര്‍ ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

Read more