കൊൽക്കത്ത ആർ. ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം കനക്കുകയാണ്. രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും രാജ്യത്തിലെ സ്ത്രീകളുടെ സുരക്ഷയും ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന ചോദ്യമുയർത്തികൊണ്ടാണ് പ്രതിഷേധം കനക്കുന്നത്.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായിക കെ. എസ് ചിത്ര. ഓരോ ഇന്ത്യക്കാരനും നാണക്കേട് കൊണ്ട് മുഖം മറയ്ക്കണമെന്നും,ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കെ. എസ് ചിത്ര പറയുന്നു.
“കൊൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളിലെ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ കണ്ട് നടുങ്ങിപ്പോയി. ഓരോ ഇന്ത്യക്കാരനും നാണക്കേടുകൊണ്ട് മുഖം മറയ്ക്കണം. ഏതാനും വർഷങ്ങൾക്കുമുൻപ് ഡെൽഹിയിൽനടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ കുറ്റകൃത്യം.
കേസ് അന്വേഷണം പ്രധാനമന്ത്രിതന്നെ നേരിട്ട് വിലയിരുത്തുകയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർഥിക്കുകയാണ്. വേർപിരിഞ്ഞ ആത്മാവിനായ് തലകുനിച്ച് പ്രാർഥിക്കുന്നു.” ചിത്ര പറയുന്നു.
നേരത്തെ ചലച്ചിത്ര രംഗത്ത് നിന്നും സാമന്ത, സോനാക്ഷി സിൻഹ, വിജയ് വർമ, പരിണീതി ചോപ്ര, ആയുഷ്മാൻ ഖുറാന തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.