അണ്ണാത്തെയില്‍ രജിനികാന്തിനൊപ്പവും മാസ്റ്ററില്‍ വിജയ്‌ക്കൊപ്പവും അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടി കുളപ്പുള്ളി ലീല. ചെറിയ ദളപതിയുടെ സെറ്റില്‍ നിന്ന് വലിയ ദളപതിയുടെ സെറ്റിലേക്ക് അതിന് ശേഷം സുന്ദര്‍ സിയുടെ അരണ്‍മനൈ 3-യിലും അഭിനയിച്ചു എന്നൊക്കെ ആരൊക്കെ എഴുതി, അതോടെ മലയാള സിനിമ ലഭിക്കാതെയായെന്ന് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ കുളപ്പുള്ളി ലീല പറയുന്നു.
അണ്ണാത്തെ തനിക്ക് ദേശീയ അവാര്‍ഡാണ്. വിജയിയുടേയും രജിനി സാറിന്റേയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. തന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. രജിനി സാറിനൊപ്പം മുത്തുവിലായിരുന്നു 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അഭിനയിച്ചത്. അന്ന് സാര്‍ തന്നെ വിളിച്ച് സംസാരിച്ചിരുന്നു. പിന്നെ ഇപ്പോള്‍ കണ്ടപ്പോള്‍ ആദ്യം വണക്കം എന്നൊക്കെ പറഞ്ഞു.
പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ വിളിച്ച് അടുത്തിരുത്തി സംസാരിക്കുകയുണ്ടായി. മുത്തുവില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഏതു റോളാണെന്നാണ് ചോദിച്ചത്. താന്‍ അഭിനയിച്ച റോള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഓ അത് നിങ്ങളാണോ എന്നാണ് അദ്ദേഹം ചോദിച്ചത്, ശേഷം നിങ്ങള്‍ക്കെത്ര വയസായെന്നായിരുന്നു അടുത്ത ചോദ്യം.
ഓരോ സീന്‍ ഷൂട്ട് കഴിയുമ്പോഴും അദ്ദേഹം പ്രോത്സാഹിപ്പിക്കുമായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ ലീലയോട് നന്നായി ചെയ്തുവെന്ന് പറയണമെന്ന് സംവിധായകന്‍ ശിവയോട് പറഞ്ഞിട്ടാണ് രജിനി സാര്‍ പോയത്. അംഗീകരിക്കാന്‍ തമിഴന്മാരെ കഴിഞ്ഞേയുള്ളൂ, ഭയങ്കര ബഹുമാനമാണ് അവര്‍ക്ക്. രജിനി സാറിനോടൊപ്പമായിരുന്നു എനിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത്.
തമിഴില്‍ ആര്‍ക്കും ഒട്ടും തലക്കനമില്ല, നല്ല സ്വഭാവമാണ്. തമിഴിലെ ഡയലോഗുകളുടെ അര്‍ത്ഥമൊക്കെ തനിക്ക് പറഞ്ഞു തന്നത് നയന്‍താരയും കീര്‍ത്തി സുരേഷുമൊക്കെയായിരുന്നു. കീര്‍ത്തിയെ തനിക്കാദ്യം മനസ്സിലായില്ല, മേനകയുടെ മോളാണ് എന്നുവന്ന് കീര്‍ത്തി പരിചയപ്പെടുത്തുകയായിരുന്നുവെന്ന് കുളപ്പുള്ളി ലീല പറഞ്ഞു.