കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ നായാട്ട് ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തിയേറ്ററുകളില്‍ തരംഗമായ ചിത്രം ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
സിനിമ കണ്ട് തന്റെ അമ്മ മോളി പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ മനസു തുറന്നത്. നായാട്ട് തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തതിനാല്‍ ഒ.ടി.ടിയില്‍ വന്നപ്പോള്‍ അമ്മയ്‌ക്കൊപ്പം ഇരുന്നാണ് കണ്ടത്. സിനിമ തുടങ്ങി തന്റ ഇന്‍ട്രൊഡക്ഷന്‍ കഴിഞ്ഞിട്ടും അമ്മ ഒന്നും പറഞ്ഞില്ല എന്ന് കുഞ്ചാക്കോ പറയുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ തട്ടിവിളിച്ചിട്ട് “എടാ അത് നീയായിരുന്നോ?” എന്ന് ചോദിച്ചു. നായാട്ടില്‍ “ചാക്കോച്ചനെ കാണാനില്ല” എന്ന് പലരും വിളിച്ചു പറഞ്ഞിരുന്നു. എങ്കിലും അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ നായാട്ടില്‍ അവതരിപ്പിച്ചത്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പോയി നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് ഓരോ കാര്യങ്ങളും പോലീസുകാരുടെ മാനറിസങ്ങള്‍ പഠിച്ചത് എന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.