മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവ് ആയി കുഞ്ചാക്കോ ബോബന്‍ വേഷമിടുന്ന ചിത്രമാണ് ‘ഗര്‍ര്‍ര്‍’. സിനിമയില്‍ സിംഹത്തിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍. മോജോ എന്ന വിദേശ സിംഹമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്നാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ പറയുന്നത്.
ഇന്ത്യയില്‍ സിംഹങ്ങള്‍ ഉണ്ടെങ്കിലും ഇവിടത്തെ നിയമം അവയെ വച്ച് സിനിമ ചെയ്യാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ സൗത്താഫ്രിക്കയിലേക്ക് പോയി. യഥാര്‍ത്ഥ സിംഹത്തിനൊപ്പം ചിത്രീ കരിക്കാന്‍ കഴിയുന്ന രംഗങ്ങളെല്ലാം ഞങ്ങള്‍ അവിടെ വച്ച് ചിത്രീകരിച്ചു. പിന്നെ കുറച്ച് ഭാഗങ്ങള്‍ക്ക് ടെക്‌നോളജിയുടെ സഹായം തേടി. വിദേശ സിനിമകളിലും പരസ്യങ്ങളിലുമെല്ലാം അഭിനയിച്ച വലിയ താരമാണ് മോജോ എന്ന സിംഹം.
അവന്റെ സൗകര്യത്തിന് അനുസരിച്ചായിരുന്നു ചിത്രീകരണം. അവനാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. ബോറടിച്ചു തുടങ്ങിയാല്‍ അഭിനയം മതിയാക്കി അവന്‍ തിരിച്ച് നടക്കും. പിന്നെ എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ഒരു ദിവസം അഭിനയിച്ചാല്‍ അടുത്ത ദിവസം അവധി വേണം. രണ്ട് ദിവസം തുടര്‍ച്ചയായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കില്ല. ഉറക്കത്തിനും ഭക്ഷണത്തിനും വിശ്രമത്തിനുമെല്ലാം അവന് കൃത്യമായ സമയമുണ്ട്.
സൗത്ത് ആഫ്രിക്കയിലെ സ്വകാര്യവ്യക്തിയുടെ ഫാമില്‍ ആയിരുന്നു ചിത്രീകരണം. അയാളവിടെ വന്യമൃഗങ്ങളെ വളര്‍ത്തുകയാണ്. ആഫ്രിക്കയിലെ നിയമം അതിന് അനുവദിക്കും. സിംഹത്തെ തുറസായ സ്ഥലത്ത് തുറന്നുവിട്ട് സിനിമാസംഘം കൂടിനകത്തിരുന്ന് ചിത്രീകരിക്കുന്നതാണ് രീതി. എടുത്തുമാറ്റാവുന്ന തരത്തിലുള്ള താഴ്ഭാഗം തുറന്ന കൂട്ടില്‍ ചിത്രീകരണസംഘം നിലയുറപ്പിക്കും.
മോജോയെ പുറത്തിറക്കും. കൂടിന്റെ വാതില്‍ തുറന്നു വച്ചാണ് കോമ്പിനേഷന്‍ സീനിനായി ഞാന്‍ പുറത്തേക്കിറങ്ങുന്നത്. മോജോ വളരെ അടുത്തേക്കെത്തുമ്പോഴേക്കും ഞാന്‍ ഓടി കൂട്ടില്‍ കയറും. സിംഹം അടുത്ത് എത്തുമ്പോള്‍ കട്ട് പറയാനൊന്നും നില്‍ക്കില്ല. ജീവന് വേണ്ടിയുള്ള ഓട്ടമാണ് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.