സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ് ആയിരുന്നു അത്: കുഞ്ചാക്കോ ബോബൻ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേളയെടുത്ത കുഞ്ചാക്കോ ബോബൻ മികച്ച കഥാപാത്രങ്ങളിലൂടെ വീണ്ടും സജീവമാണ് താരം. വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും കുഞ്ചാക്കോ ബോബൻ ഇന്ന് നിരന്തരം തിരഞ്ഞെടുക്കുന്നു.

ന്നാ താൻ കേസ് കൊട് എന്ന സിനിമയിലൂടെ സംശതന സർക്കാരിന്റെ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരവും കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമ ജീവിതത്തിൽ തനിക്കുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവെക്കുകയാണ് താരം.

അത് തനിക്ക് കിട്ടിയ എല്ലാ അവാർഡുകളെക്കാൾ വലുതാണ് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. “എന്റെ ജീവിതത്തിൽ കിട്ടിയ ഒരു കിടിലൻ അവാർഡ് ഉണ്ട്. പക്ഷെ ശരിക്കും പറഞ്ഞാൽ അതൊരു ഒഫീഷ്യൽ അവാർഡ് മൊമെൻ്റ് അല്ല. എന്റെ ജീവിതത്തിൽ നടന്ന ഒരു കാര്യമാണ്. ഞാൻ ഒരിക്കൽ ദുബായിൽ നിന്ന് വരികയായിരുന്നു. എയർപോർട്ടിൽ നിൽക്കുമ്പോൾ ഒരു ഫാമിലി വന്ന് എന്നോട് കുറേ നേരം സംസാരിച്ചു. അതിൽ ഒരാൾ എന്നോട് പറഞ്ഞു, നമ്മൾ ഒരേ നാട്ടുകാരാണെന്ന്.

അത് കേട്ട് ഞാൻ ചോദിച്ചു ആലപ്പുഴയിലാണോ? എവിടെയാണെന്ന്. അപ്പോൾ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു, ആലപ്പുഴയല്ല കാസർഗോഡ് ആണെന്ന്. അതായത് ന്നാ താൻ കേസ് കൊട് സിനിമ കണ്ട് അതിലെ എൻ്റെ കഥാപാത്രം രാജീവിനെ അവിടുത്തെ ഒരാളായി കാണുന്നു എന്നുള്ളത് സത്യം പറഞ്ഞാൽ ഒരു അവാർഡിനേക്കാൾ മുകളിലാണ് ഞാൻ കാണുന്നത്. ആ നിമിഷം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ആ സംഭവം എന്നും എൻ്റെ മനസിൽ തന്നെ നിലനിൽക്കും” മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ തന്റെ അനുഭവം പങ്കുവെച്ചത്.