മഞ്ജു വാര്യര്‍ നായികയായെത്തിയ ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ഒടിടിയിലും റിലീസ് ചെയ്തതോടെ നിരവധി വിമര്‍ശനങ്ങളാണ് ചിത്രം നേരിടുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായിക കുഞ്ഞില മാസിലാമണി.
സിനിമയ്ക്ക് വേണ്ടി പണം മുടക്കിയവരെ മടല് വെട്ടി അടിക്കണം എന്നും മനുഷ്യരെ വിഡ്ഢികളാക്കുകയാണോ എന്നും കുഞ്ഞില വിമര്‍ശിച്ചു. സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് നടക്കുന്ന ആളുകളുടെ ഇടയിലെ ഏറ്റവും മോശം കഥയ്ക്ക് പോലും ഇതിനേക്കാള്‍ സത്യസന്ധതയും നിലവാരവും ഉണ്ടാവും എന്ന് ഉറപ്പുള്ളപ്പോള്‍, എല്ലാ പ്രിവിലേജും ഉള്ള ആളുകള്‍ ഇങ്ങനെയുള്ള സിനിമകള്‍ എടുക്കുന്നതില്‍പ്പരം അശ്ലീലമില്ല എന്നും കുഞ്ഞില ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുഞ്ഞില മാസിലാമണിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഞാന്‍ ജാക്ക് ആന്റ് ജില്‍ സിനിമ മുഴുവന്‍ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ്. പക്ഷേ ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ച് അതിന് പൈസ ഇറക്കാന്‍ ആളുകളെ സമീപിക്കാനാണ് ഏറ്റവും കഴിവ് വേണ്ടത്. ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം. എന്താ ഇവരുടെ ഒക്കെ വിചാരം? മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ? ഉളുപ്പുണ്ടോ നിങ്ങക്ക്? പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്‌സ്, കണക്ഷന്‍സ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാന്‍ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാന്‍ പ്രയാസമില്ല. എന്നിട്ട് ഇതൊന്നും ഇല്ലാതെ സിനിമ എടുക്കാന്‍ അലഞ്ഞലഞ്ഞ് നടക്കുന്ന ഒരു വലിയ വിഭാഗം ആള്‍ക്കാരുള്ള ഒരു സ്ഥലത്തിരുന്ന് ഈ ധൂര്‍ത്ത് ചെയ്യാന്‍ എങ്ങനെ ധൈര്യം വരുന്നു?
Read more
കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുമ്പോ ഭക്ഷണം വേസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് പറയുന്ന മാതാപിതാക്കളോട് എനിക്ക് വലിയ യോജിപ്പൊന്നുമില്ല. എന്നാല്‍ സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് നടക്കുന്ന ആളുകളുടെ ഇടയിലെ ഏറ്റവും മോശം കഥയ്ക്ക് പോലും ഇതിനേക്കാള്‍ സത്യസന്ധതയും നിലവാരവും ഉണ്ടാവും എന്ന് ഉറപ്പുള്ളപ്പോള്‍, എല്ലാ പ്രിവിലേജും ഉള്ള ആളുകള്‍ ഇങ്ങനെയുള്ള സിനിമകള്‍ എടുക്കുന്നതില്‍പ്പരം അശ്ലീലമില്ല.