സിനിമയില്‍ വട്ട പൂജ്യമായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനി ആക്കി മാറ്റിയത് എംടി വാസുദേവന്‍ നായര്‍ ആണെന്ന് നടി കുട്ട്യേടത്തി വിലാസിനി. എംടിയെ അവസാനമായി കാണാന്‍ കോഴിക്കോട്ടെ വസതിയില്‍ എത്തിയപ്പോഴാണ് വിലാസിനിമ മാധ്യമങ്ങളോട് സംസാരിച്ചത്.
വാസുവേട്ടനോട് അടുത്തു കഴിഞ്ഞാല്‍ പിന്നെ അകലാന്‍ തോന്നില്ല. അത്രയ്ക്കും നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. വാസുവേട്ടന്‍ മരിക്കരുതെന്നും അദ്ദേഹം ഒരു നൂറ് വയസുവരെയെങ്കിലും ജീവിക്കണമെന്നും ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു. കാരണം എന്നെ എല്ലായിടത്തും അറിയപ്പെടുന്നത് കുട്ട്യേടത്തി ആയിട്ടാണല്ലോ. അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും ആരാധനയുമാണ്.
നാടകത്തില്‍ ഞാന്‍ വലിയ നടിയാണ്. സിനിമയില്‍ ഞാന്‍ സീറോ ആയിരുന്നു. കോഴിക്കോട് വിലാസിനി എന്ന ഞാന്‍ കുട്ട്യേടത്തി വിലാസിനി ആയത് ഈ സിനിമ ചെയ്ത ശേഷമാണ്. എന്റെ പേര് കോഴിക്കോട് വിലാസിനി എന്നായിരുന്നു. അന്ന് പത്രത്തിലും നോട്ടീസിലുമെല്ലാം നല്‍കിയിരുന്നത്. അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല.
കോഴിക്കോടുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അദ്ദേഹം അവസരം നല്‍കിയിട്ടുണ്ട്. ബാലന്‍ കെ. നായര്‍, കുതിരവട്ടം പപ്പു അടക്കം ഒരുപാട് ആളുകളെ വാസുവേട്ടന്‍ സിനിമയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതേസമയം, എംടിയുടെ തിരക്കഥയില്‍ 1971ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുട്ട്യേടത്തി.