അവര്‍ 101 പവന്‍ ചോദിച്ചു, കല്യാണം മുടങ്ങി; സ്ത്രീധനം തൂക്കി ചോദിച്ച ആ സ്ത്രീ എനിക്ക് സമാധാനം തരില്ല എന്ന് എന്റെ അച്ഛന് ഉറപ്പുണ്ടായിരുന്നു

സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ ചര്‍ച്ചയാകുമ്പോള്‍ സ്വന്തം വിവാഹവുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി നടി ലക്ഷ്മി പ്രിയ. സ്ത്രീധന കണക്കിന്റെ പേരില്‍ ആദ്യം നിശ്ചയിച്ച വിവാഹം മുടങ്ങിപ്പോയ ഒരാളാണ് താനെന്നും ആ വിവാഹം നടക്കാതിരുന്നത് ഭാഗ്യമാണെന്ന് കരുതുന്നുവെന്നും നടി പറഞ്ഞു.

ലക്ഷ്മി പ്രിയയുടെ വാക്കുകള്‍:

എന്റെ വിവാഹ ചിത്രം ആണ്. എണ്ണൂറു രൂപയുടെ പട്ടുസാരി. 350 രൂപയുടെ മാലയും കമ്മലും. കുപ്പി വളകള്‍ അന്നത്തെ ലേറ്റസ്റ്റ് ഡിസൈന്‍. ഇത്തിരി വില ആയി. ഇപ്പൊ ഓര്‍മയില്ല. മുടിയില്‍ വെള്ളി മുത്തുകള്‍. മുല്ലപ്പൂവ് വച്ചിട്ടില്ല. പൊട്ടും ഡിസൈനര്‍ ആണ്. ആര്‍ഭാടം അധികരിച്ചത് പുരികം ആദ്യമായി ത്രെഡ് ചെയ്ത പതിനെട്ടുകാരി. കയ്യില്‍ മൈലാഞ്ചി വേണം എന്ന് എനിക്ക് നിര്‍ബന്ധം ആയിരുന്നു. കൊല്ലത്തെ സ്മിത ചേച്ചിയുടെ ബ്യൂട്ടിപാര്‍ലറില്‍ ആണ് തലേ ദിവസം ഒക്കെ ചെയ്തത്. ബ്ലൗസ് സ്‌റ്റൈല്‍ ആയി തുന്നിയതും കല്യാണപ്പെണ്ണിനെ ഒരുക്കിയതും സ്മിത ചേച്ചി ആണ്. ഒരുക്കമടക്കം എല്ലാം കൂടി ഒരു രണ്ടായിരം രൂപ ആയിട്ടുണ്ടാവും.

എനിക്ക് തൊട്ടു മുന്‍പ് ഒരു വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാന്നാര്‍ നിന്നും. ഞങ്ങളുടെ ഒരു ബന്ധു കൂടിയായ വക്കീല്‍ ആയിരുന്നു വരന്‍. അവര്‍ 101 പവന്‍ ചോദിച്ചു. റ്റാറ്റാ എത്ര കൂട്ടിയാലും നാല്‍പ്പത് പവന്‍ കടക്കില്ലായിരുന്നു. എന്റെ അച്ഛന് സ്വര്‍ണ്ണം തൂക്കി കൊടുക്കണം എന്ന് പറഞ്ഞതും നിശ്ചയ സദസ്സില്‍ ചെക്കന്റെ അമ്മ വന്ന് സ്ത്രീധന വിഷയം ഉന്നയിച്ചതും ഇഷ്ടപ്പെട്ടില്ല. മുസ്ലിം സ്ത്രീകള്‍ അങ്ങനെ സദസ്സില്‍ വരാറില്ല.

ആ വിവാഹം മുടങ്ങി. എന്റെ അച്ഛന്റെ കടും പിടുത്തത്തില്‍. എന്റെ അച്ഛന് 101 പവന്‍ കൊടുക്കാനുള്ള ശേഷി ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ സ്ത്രീധനം തൂക്കി ചോദിച്ച ആ സ്ത്രീ ( അച്ഛന്റെ കസിന്‍ ) എനിക്ക് സമാധാനം തരില്ല എന്ന് എന്റെ അച്ഛന് ഉറപ്പുണ്ടായിരുന്നു.. വള ഇടീലും നിശ്ചയവും കഴിഞ്ഞ വിവാഹ ബന്ധത്തില്‍ നിന്നും മാറി, അങ്ങോട്ടുമിങ്ങോട്ടും കൊടുക്കല്‍ വാങ്ങല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അനുഭവിച്ച സമാധാനം!

ജയേഷേട്ടന്‍ എന്റെ കൈപിടിച്ച് കൊണ്ടുപോയ ആ സമയം ഞാന്‍ കൊല്ലം ഐശ്വര്യയിലെ നായിക ആയിരുന്നു. നിറയെ നാടക സാമഗ്രികള്‍ വച്ചിരുന്ന ഇരുട്ട് നിറഞ്ഞ കുടുസ്സു മുറിയില്‍ ഒരു ഫാന്‍ പോലുമില്ലാതെ ഒരു സിംഗിള്‍ കട്ടിലും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും വനിത അടക്കമുള്ള മാസികകള്‍ നിരത്തി വച്ച ആ മുറിയില്‍ നിന്നുമാണ് 2003 ഏപ്രില്‍ 20 ന് എന്നെ താലി കെട്ടി കൊണ്ടു പോകുന്നത്.അല്ലാതെ ഇരുട്ട് മുറിയില്‍ കൊല്ലങ്ങളോളം ഒളിപ്പിക്കുകയല്ല ചെയ്തത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തേക്ക്.

എന്തുകൊണ്ടോ പാള പോലുള്ള മാലയും വളയും കാത് വേദനിപ്പിക്കുന്ന കമ്മലും തല വേദനിപ്പിക്കുന്നവിധം വയ്ക്കുന്ന മുല്ലപ്പൂവും എനിക്ക് വേണ്ടാ എന്ന എന്റെ തീരുമാനമാണ് ഞാന്‍ നാടകത്തില്‍ അഭിനയിച്ചു സ്വന്തമായി ഉണ്ടാക്കിയ 13.5 പവന്‍ സ്വര്‍ണ്ണം പോലും ഊരി സ്മിത ചേച്ചിയെ ഏല്‍പ്പിച്ചു പോയി കല്യാണം കഴിച്ചത്. എന്റെ ജയേഷേട്ടന്‍ കഴുത്തില്‍ കെട്ടിയ താലി മാത്രമായിരുന്നു എന്റെ ശരീരത്തിലെ ഏക പൊന്ന്.

എന്റെ മകളെയും ഞാന്‍ പറഞ്ഞു പഠിപ്പിക്കും എന്റെ പൊന്നാണ് പൊന്ന്. പൊന്ന് തൂക്കി ചോദിക്കുന്ന ഒരാളും എന്റെ പൊന്നിനെ ചോദിച്ചു വരണ്ടാ എന്ന്. എന്റെ അച്ഛന്റെ ധീരമായ തീരുമാനം പോലെ.പൊന്നിന്‍ കുടങ്ങളെല്ലാം പെണ്മക്കള്‍ ആണ് എന്ന് ഓരോ അച്ഛനമ്മമാര്‍ക്കും തോന്നട്ടെ.

എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്