വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ചേര്‍ത്തലയിലെ ശ്രീരാജരാജേശ്വരി ക്ഷേത്രത്തില്‍ നടന്ന നാരീപൂജയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ലക്ഷ്മി നക്ഷത്ര ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
നാരീപൂജയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ട് ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും തന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.
”ജീവിതത്തില്‍ എനിക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബര്‍ 16. വലിയ വിശിഷ്ട വ്യക്തികള്‍ പൂജിതയായ, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേര്‍ത്തലയിലെ, ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോള്‍, സത്യത്തില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.”
”അവിടെ ചെന്നപ്പോള്‍, ആ ചടങ്ങിന്റെ ഭാഗമായപ്പോള്‍, ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ ഒന്ന് വിതുമ്പി, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നു!”
”എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങള്‍ നിറഞ്ഞ ഒരു ദിവസത്തിനും, എല്ലാരുടെയും സ്‌നേഹത്തിനും, മനസ്സു നിറയെ നന്ദി മാത്രം!” എന്നാണ് ലക്ഷ്മി നക്ഷത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചുവപ്പും പച്ചയും നിറമുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായണ് ലക്ഷ്മി എത്തിയത്.