ബിനാലെ തനിക്കെന്നും പ്രചോദനമാണെന്ന് സംവിധായകന്‍ ലാല്‍ ജോസ്. തുടക്കം മുതല്‍ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്ത സിനിമകളില്‍ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് ‘ബിനാലെ ഡയറക്ടര്‍’ എന്ന് പരിഹാസം വരെ തനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ലാല്‍ ജോസ് പറഞ്ഞു.
‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയില്‍ ഉണ്ടായിരുന്ന ഒരു ഇന്‍സ്റ്റലേഷന്റെ പ്രചോദനത്തില്‍ നിന്നായിരുന്നു. ദൃശ്യപരമായി സംവദിക്കുന്ന ഒരുപാട് അവതരണങ്ങള്‍ ബിനാലെയുടെ സവിശേഷതയാണ്. അവയുടെ പൂര്‍ണമായ യഥാര്‍ത്ഥ അര്‍ത്ഥമൊന്നും സാധാരണക്കാരന് മനസിലായില്ലെങ്കിലും സ്വന്തം നിലയ്ക്ക് അനുമാനങ്ങള്‍ സാധ്യമാക്കി. ഇത്തവണ കുറേക്കൂടി ശ്രദ്ധയൂന്നി ആഴത്തില്‍ മനസിലാക്കി കാണേണ്ടവയാണ് അവതരണങ്ങള്‍.
കാലാവസ്ഥാമാറ്റം ഉള്‍പ്പെടയുള്ള സാമൂഹ്യ വിഷയങ്ങളിലുള്ള വീഡിയോകള്‍ നടുക്കമുണ്ടാക്കുന്നവയാണ്. അതുകൊണ്ട് സമയം മാറ്റിവച്ച് കാണേണ്ടതാണ് ബിനാലെ. കോവിഡാനന്തരം സ്വാഭാവികമായും ലോകത്തെ എല്ലാ കലാരൂപങ്ങളിലും ആ മഹാമാരിയുടെ സ്വാധീനമുണ്ട്. ആ മാറ്റം ബിനാലെയിലും പ്രകടം.
ഉപരിതലസ്പര്‍ശിയായ നിലയില്‍ നിന്ന് ആന്തരികമായി കാര്യങ്ങളെ സമീപിക്കുന്ന വിധം സമൂഹം മാറിയെന്നും ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ബിനാലെ സന്ദര്‍ശിച്ച് ലാല്‍ ജോസ് പറഞ്ഞു.