പുതിയ ജനറേഷനിലെ ആക്ടറാണ് സൗബിന്‍, നമ്മുടെ ടൈപ്പ് സിനിമയില്‍ അഭിനയിക്കുമോ എന്ന പേടിയുണ്ടായിരുന്നു: ലാല്‍ജോസ്

സൗബിന്‍ തന്റെ സിനിമയില്‍ അഭിനയിക്കാതിരിക്കുമോ എന്ന പേടി ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ജോസ്. കുമ്പളങ്ങി നൈറ്റ്‌സ് കണ്ടാണ് സൗബിനെ തന്റെ ചിത്രം ‘മ്യാവൂ’വിലേക്ക് വിളിച്ചതെന്നും ലാല്‍ജോസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു ആക്ടര്‍ എന്ന നിലയില്‍ സൗബിനെ തിരിച്ചറിയുന്നത് കുമ്പളങ്ങി നൈറ്റ്സിലൂടെയാണ്. സിനിമ കണ്ടപ്പോള്‍ താന്‍ ഫ്ളാറ്റായിപ്പോയി. അതിലെ സൗബിന്റെ പെര്‍ഫോമന്‍സ് നല്ലതായിരുന്നു. അതിന് മുന്‍പ് അദ്ദേഹം ചെയ്തിട്ടുള്ളതെല്ലാം ഹ്യൂമറുള്ള റോളുകളായിരുന്നു.

രണ്ട് മൂന്ന് സീനില്‍ അതിഗംഭീരമായ പെര്‍ഫോമന്‍സായിരുന്നു സൗബിന്‍ കാഴ്ചവച്ചത്. അതേസമയം മ്യാവൂവില്‍ സൗബിനെ അഭിനയിക്കാന്‍ വിളിക്കുന്നതില്‍ ആശങ്ക ഉണ്ടായിരുന്നുവെന്നും ലാല്‍ജോസ് പറയുന്നു. നമുക്കൊരു പേടിയുണ്ടായിരുന്നു. പുതിയ ജനറേഷനിലെ ആക്ടറാണ്.

വേറൊരു തരത്തിലുള്ള സിനിമകളിലാണ് അഭിനയിക്കുന്നത്. നമ്മളുടെയൊക്കെ ടൈപ്പ് സിനിമയില്‍ അഭിനയിക്കുമോ എന്നറിയില്ല. പക്ഷെ സംസാരിച്ചപ്പോള്‍ പുള്ളി കഥ കേട്ടു. ഇഷ്ടമായി എന്നാണ് ലാല്‍ജോസ് പറയുന്നത്. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തില്‍ നായിക.

സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം ആണ് തിരക്കഥ ഒരുക്കിയത്.