തന്റെ അടുത്ത സിനിമ ഹോംബാലെ ഫിലിംസിനൊപ്പമാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ലാല്‍ ജോസ്. ആക്ഷന്‍ സിനിമയായി ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുക സന്തോഷ് ശിവന്‍ ആണ്. മലയാളത്തിലും കന്നഡയിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് സംസാരിച്ചത്.
ആദ്യ സിനിമ ചെയ്യുന്നതിനേക്കാള്‍ പരിഭ്രമമുണ്ട് എന്നാണ് ലാല്‍ ജോസ് പറയുന്നത്. ”ആദ്യം സിനിമ ചെയ്യുമ്പോള്‍ എനിക്ക് പരിഭ്രമമൊന്നും ഉണ്ടായില്ല. കൃത്യ സമയത്ത് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു. മമ്മൂക്കയും ശ്രീനിയേട്ടനും എന്റെ ഇടവും വലവും നില്‍ക്കുന്നുണ്ടായിരുന്നു. പരിചയസമ്പന്നനായ ശ്രീനിയേട്ടന്റെ സ്‌ക്രിപ്റ്റ് ഉണ്ട്.”
”അഭിനയിക്കാന്‍ മമ്മൂട്ടി എന്ന ഗ്രേറ്റ് ആക്ടര്‍ ഉണ്ട്. അതുകൊണ്ട് എനിക്ക് രണ്ട് സൈഡിലും ടെന്‍ഷന്‍ ഇല്ല. പക്ഷെ ഈ സിനിമ എന്ന് പറയുന്നത് എനിക്ക് ആദ്യ സിനിമ എന്നതു പോലെ ഞാന്‍ പരിഭ്രമത്തിലാണ്. അതിന് വേണ്ടിയിട്ട് ഞാന്‍ ആ ഴോണറിലുള്ള സിനിമകള്‍ കണ്ടുകൊണ്ടിരിക്കുന്നത്.”
”അത്തരം സിനിമ ചെയ്തിട്ടുള്ള റൈറ്റേഴ്‌സും ഡയറക്ടേഴ്‌സും എഴുതിയ കുറിപ്പുകള്‍ വായിക്കുന്നുണ്ട്. ഒരു പുതിയ സിനിമ ചെയ്യുന്ന ആളെ പോലെ പ്രവര്‍ത്തിക്കുകയാണ്. അത് പുനം എന്ന് പറയുന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ്. പുനം ഒരു ഫോറസ്റ്റ് ബേസ്ഡ് കഥയാണ്.”
”വനത്തിന് സമീപമുള്ള ഒരു ഗ്രാമം, കള്ളത്തടി വെട്ടും, കൊലപാതകങ്ങളും നടക്കുന്ന, പ്രതികരമുള്ള കുറേ മനുഷ്യരുടെ കഥയാണ്. കര്‍ണാടക-കേരള ബോര്‍ഡര്‍ നടക്കുന്നതിനാല്‍ കന്നഡയില്‍ മിക്‌സ് ചെയ്തു വരുന്ന ഭാഷയാണ്. കന്നഡ താരങ്ങളുമുണ്ട്. വലിയ ക്യാന്‍വാസില്‍ പറയാന്‍ പോകുന്ന സിനിമയാണ്.”
”വിജയ് ബാബു ആണ് കേരളത്തില്‍ നിന്നുള്ള പ്രൊഡ്യൂസര്‍. കന്നഡയില്‍ നിന്നും വിജയ് ബാബുവിന്റെ സുഹൃത്തുക്കളാണ് വരാന്‍ പോകുന്നത്. സന്തോഷ് ശിവന്‍ ക്യാമറ ചെയ്യാമെന്ന് പറഞ്ഞു. നടക്കുമോ എന്ന് അറിയില്ല. കഥ കേട്ടിട്ടുണ്ട് ചെയ്യാമെന്ന് പറഞ്ഞു. ഹോംബാലെ ഫിലിസിന്റെ ഒരു കമ്പനിയാണ് മറ്റൊരു പ്രൊഡ്യൂസര്‍” എന്നാണ് ലാല്‍ ജോസ് പറയുന്നത്.