മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കലാമൂല്യമുള്ളതും ജനപ്രിയവുമായ ഒരുപാട് സിനിമകൾ ചെയ്യുകയും 2012 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു ലാൽ ജോസ്.
ഇപ്പോഴിതാ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയ്ക്ക് സംസ്ഥാന പുരസ്കാരം കിട്ടിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ലാൽ ജോസ്.
“കലാപരമായിട്ടും സാമ്പത്തികപരമായും വിജയിച്ച സിനിമയാണ് അയാളും ഞാനും തമ്മിൽ. അർഹിക്കുന്ന അംഗീകാരം അതിന് കിട്ടിയില്ലെന്ന് എനിക്ക് എല്ലാ കാലത്തും തോന്നിയിട്ടുണ്ട്. പക്ഷേ ആ സിനിമയിറങ്ങി കുറേ കാലങ്ങൾക്ക് ശേഷം ഇന്നും എവിടെങ്കിലും ഒരു ചെറുപ്പക്കാരനായ ഡോക്ടറെ കണ്ടുമുട്ടിയാൽ അയാൾ പറയും തന്നെ വളരെ സ്വാധീനിച്ച സിനിമയാണ് അതെന്ന്. അങ്ങനെ കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. എന്റെ ഏറ്റവും നല്ല സിനിമ അയാളും ഞാനും തമ്മിൽ ആണെന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിലൂടെ എനിക്ക് മെസേജ് അയക്കാറുണ്ട്.
എന്നാൽ ആ സിനിമയ്ക്ക് കിട്ടിയ അവാർഡിലും ഒരു കയ്പ്പും മധുരവുമുണ്ട്. എന്റെ എല്ലാ സിനിമകളും ഞാൻ സ്റ്റേറ്റ് അവാർഡിനും നാഷണൽ അവാർഡിനും അയക്കാറുണ്ട്. നല്ലതോ ചീത്തയോ എന്ന് അപ്പോൾ നോക്കാറില്ല. കാരണം സിനിമയിലെ പാട്ടിനോ, പാട്ടു പാടിയ ആൾക്കോ, എഡിറ്റർക്കോ സിനിമാറ്റോഗ്രാഫർക്കോ ഒരു അവാർഡിന് സാധ്യതയുണ്ടെങ്കിൽ നഷ്ടമാവരുത് എന്ന് കരുതിയാണ്. അങ്ങനെ അയച്ചതാണ് ഈ സിനിമയും. പിന്നീട് ഞാനത് മറന്നുപോയിരുന്നു. ഒരു ദിവസം കമൽ സാർ വിളിച്ചിട്ട് നാളെ അവാർഡ് പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞു. നമ്മൾ രണ്ടുപേരുമാണ് ഇത്തവണ കോമ്പറ്റീഷൻ എന്ന് പറഞ്ഞു. അതെങ്ങനെ ശരിയാവും. സെല്ലുലോയിഡ് അടുത്ത വർഷമല്ലേ എന്ന് ഞാൻ ചോദിച്ചു. പക്ഷേ ഡിസംബറിന് മുൻപ് സെല്ലുലോയിഡിന്റെ സെൻസറിംഗ് കഴിഞ്ഞിരുന്നു.
പിറ്റേ ദിവസമാണ് വാർത്ത കേൾക്കുന്നത്. മികച്ച ചിത്രവും തിരക്കഥയും സെല്ലുലോയിഡ്. പക്ഷേ മികച്ച സംവിധായകൻ എനിക്കായിരുന്നു. അത് സ്വപ്നത്തിൽ പോലും ഇല്ലാതിരുന്നാ ഒരു കാര്യമാണ്. അത് സംഭവിച്ചു. കമൽ സാർ ആണ് എതിരെയുണ്ടായത് എന്നത് മാത്രമാണ് ഒരു ചെറിയ വിഷമം. അന്ന് മീഡിയ മുഴുവൻ ഗുരുവുമായിട്ടാണല്ലോ മത്സരം എന്ന് ചോദിച്ചു. ഒരേ കുടുംബത്തിലേക്കാന് അവാർഡ് പോവുന്നതെന്നാണ് ഞാനതിന് മറുപടി പറഞ്ഞത്. ” സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് മനസുതുറന്നത്.