ആടുജീവിതം ഞാന്‍ വേണ്ടെന്നുവെച്ച സിനിമയല്ല; ബെന്യാമിൻ അത് ഓർമ്മപ്പിശകിൽ പറഞ്ഞതാവും; തുറന്നുപറഞ്ഞ് ലാൽ ജോസ്

റിലീസ് ചെയ്ത് ഒൻപത് ദിവസങ്ങൾ കൊണ്ടാണ് ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ 100 കോടി ക്ലബ്ബിൽ കയറിയത്. ഏറ്റവും വേഗത്തിൽ 100 കോടി നേട്ടം കൈവരിക്കുന്ന മലയാള സിനിമ കൂടിയാണ് ആടുജീവിതം.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ബ്ലെസ്സിയെ കൂടാതെ വേറെ രണ്ട് സംവിധായകരും ആടുജീവിതം സിനിമയാക്കാൻ വേണ്ടി തന്നെ സമീപിച്ചിരുന്നുവെന്ന് എഴുത്തുകാരൻ ബെന്യാമിൻ മുൻപ് പറഞ്ഞിരുന്നു. ലാൽ ജോസും അടൂർ ഗോപാലകൃഷ്ണനുമായിരുന്നു ആ രണ്ട് സംവിധായകർ. കൂടാതെ അറബിക്കഥ വന്നതുകൊണ്ട് ആടുജീവിതത്തിൽ നിന്നും ലാൽ ജോസ് പിന്മാറിയെന്നാണ് ബെന്യാമിൻ പറഞ്ഞത്.

എന്നാൽ ഇപ്പോഴിതാ അത് അങ്ങനെയായിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. അറബിക്കഥ 2006-ൽ പുറത്തിറങ്ങിയ ചിത്രമാണെന്നും അതിന് ശേഷമാണ് ആടുജീവിതം നോവൽ പുറത്തിറങ്ങിയതെന്നും ലാൽ ജോസ് പറയുന്നു.

“ആടുജീവിതം ഞാന്‍ വേണ്ടെന്നുവെച്ച സിനിമയല്ല. ചില അഭിമുഖങ്ങളില്‍ ബെന്യാമിന്‍ അങ്ങനെ പറഞ്ഞതായി കണ്ടു. എന്നാല്‍ അത് അങ്ങനെയല്ല. ആടുജീവിതം വായിച്ച് ഞാന്‍ ബെഹ്റിനില്‍ പോയി ബെന്യാമിനെ കണ്ട് അത് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. പുള്ളിക്ക് സന്തോഷമാണെന്ന് പറഞ്ഞു. പുള്ളി സമ്മതിച്ചു.

എല്‍ജെ ഫിലിംസ് എന്ന കമ്പനി ഞാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത് ആ സിനിമ ചെയ്യാന്‍വേണ്ടിയാണ്. ഒരു വിദേശ നിര്‍മ്മാണ കമ്പനിയുമായുള്ള സഹകരണമാണ് ആലോചിച്ചത്. പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും എല്‍ജെ ഫിലിംസ് ഇന്ത്യയില്‍ ചെയ്യും. ഒരു ബ്രിട്ടീഷ് കമ്പനി ഷൂട്ട് ചെയ്യണം എന്നുമായിരുന്നു ആലോചന.

അതിന് കുറച്ചധികം സമയം എടുക്കുമായിരുന്നു. നായകനാക്കാന്‍ ഞാന്‍ വിചാരിച്ചത് പുതിയ ആളെ ആയിരുന്നു. മരുഭൂമിയുടെ നാല് ഋതുഭേദങ്ങളിലായി ഒരു വര്‍ഷം കൊണ്ട് ചിത്രീകരിക്കണമെന്നാണ് വിചാരിച്ചിരുന്നത്. നായകന്‍റെ ശരീരത്തിനുണ്ടാവുന്ന മാറ്റം യഥാർത്ഥമായി ചെയ്യണമെന്നും ആലോചിച്ചു. ഒരു പ്രധാന താരത്തേക്കാള്‍ ഒരു പുതിയ താരമായിരിക്കും അതിന് പറ്റുക എന്നും തോന്നി. ദില്ലി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒരാളെ ഞാന്‍ അതിനുവേണ്ടി കണ്ടും വച്ചിരുന്നു. പക്ഷേ കരാറോ അഡ്വാന്‍സ് നല്‍കലോ ഒന്നും ആയിട്ടുണ്ടായിരുന്നില്ല.

ആടുജീവിതം ഞാന്‍ സിനിമയാക്കുന്നുവെന്ന് ആ സമയത്ത് വാര്‍ത്ത വന്നിരുന്നു. അപ്പോഴാണ് ബ്ലെസി എന്നെ വിളിക്കുന്നത്. ബ്ലെസി അതിനകം എഴുതിയിരുന്ന ഒരു സബ്ജക്റ്റിന് ആടുജീവിതവുമായി സാമ്യമുണ്ടായിരുന്നു. ഒരുപാട് മുന്നോട്ട് പോയോ അല്ലെങ്കില്‍ എനിക്ക് തരാമോ എന്ന് ബ്ലെസി ചോദിച്ചു. അല്ലെങ്കില്‍ ഒരു വര്‍ഷമെടുത്ത് എഴുതിയ ഒരു സാധനം പൂര്‍ണ്ണമായും എനിക്ക് ഉപേക്ഷിക്കേണ്ടിവരുമെന്ന് പറഞ്ഞു. ബ്ലെസി ചെയ്യുന്നത് ബെന്യാമിന് കൂടുതല്‍ സന്തോഷമായിരിക്കുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ അത് വിട്ടുകൊടുത്തതാണ്. 14 വര്‍ഷം മുന്‍പ് നടന്ന കാര്യമാണ്. ആളുകള്‍ക്ക് കുറേ കാര്യങ്ങളൊക്കെ വിട്ടുപോകുമല്ലോ.

ഒരു അന്തര്‍ദേശീയ സിനിമ ആയിത്തന്നെയാണ് ഞാന്‍ ആലോചിച്ചിരുന്നത്. അതുകൊണ്ടുതന്നെ നായകന് പരിചിതമായ ഒരു മുഖം എന്നതില്‍ പ്രസക്തി ഇല്ലായിരുന്നു. ഇപ്പോഴത്തെ ആടുജീവിതം പോലെ ആയിരുന്നില്ല ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്. വലിയ താരങ്ങളില്ലാത്ത ഒരു വലിയ സിനിമയായിരുന്നു അത്. പക്ഷേ ബ്ലെസി ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി.

കാരണം ബ്ലെസിക്ക് സ്വയം എഴുതാന്‍ പറ്റും. ഞാന്‍ നേരിട്ടിരുന്ന ഒരു പ്രതിസന്ധി തിരക്കഥയ്ക്കായി ബെന്യാമിനെത്തന്നെ ആശ്രയിക്കണം എന്നതായിരുന്നു. പിന്നെ ബ്ലെസി എന്‍റെ സീനിയര്‍ ആണ്. ആ തീരുമാനം നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം 14 വര്‍ഷമൊന്നും ഒരു സിനിമയ്ക്ക് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് പറ്റില്ല.

അറബിക്കഥ ചെയ്തതുകൊണ്ടാണ് ഞാന്‍ പിന്മാറിയതെന്ന് ബെന്യാമിന്‍ പറഞ്ഞിരുന്നു. അത് ശരിയല്ല. അറബിക്കഥയും ആടുജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോ. അറബിക്കഥ 2006 ല്‍ വന്ന സിനിമയാണ്. അതിന് ശേഷമാണ് ആടുജീവിതം നോവല്‍ തന്നെ ഇറങ്ങുന്നത്. അത് പുള്ളി ഒരു ഓര്‍മ്മപ്പിശകില്‍ പറഞ്ഞതാവും.” എന്നാണ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞത്.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ