മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. ശ്രീനിവാസൻ തിരക്കഥയെഴുതി മമ്മൂട്ടി നായകനായെത്തിയ ‘ഒരു മരവത്തൂര് കനവ്’ എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, അയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്‌ലെയ്സ് തുടങ്ങീ നിരവധി ഹിറ്റ് സിനിമകൾ ലാൽ ജോസ് മലയാളത്തിന് സമ്മാനിക്കുകയുണ്ടായി.
ഇപ്പോഴിതാ മീശമാധവന്റെ തമിഴ് റീമേക്ക് നടക്കാതെ പോയതിനെ കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. വിജയിയെ നായകനാക്കി മീശമാധവൻ തമിഴിൽ ചെയ്യാൻ ആലോചിച്ചിരുന്നെന്നും, എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെപ്പോലൊരു സൂപ്പർ താരത്തിന് പറ്റിയതല്ല എന്ന കരാണത്താൽ ആ പ്രോജക്ട് ഡ്രോപ്പ് ആയിപോയെന്നും ലാൽ ജോസ് പറയുന്നു.
“മീശ മാധവൻ വലിയ വിജയമായപ്പോൾ നിർമാതാവ് അപ്പച്ചൻ സാർ ഒറ്റപ്പാലത്തെ എന്റെ വീട്ടിലേക്ക് കാണാൻ വന്നു. മീശ മാധവൻ തമിഴിൽ ചെയ്യാനുള്ള അവകാശം പുള്ളിക്ക് വേണമെന്ന് പറഞ്ഞു. എന്നോട് തന്നെ സംവിധാനം ചെയ്യാൻ പറഞ്ഞു. വിജയ്‌യുടെ ഡേറ്റ് ഉണ്ടെന്ന് അപ്പച്ചൻ സാർ എന്നോട് പറഞ്ഞു. അങ്ങനെ മീശ മാധവനും കൊണ്ട് ഞങ്ങൾ മദ്രാസിലേക്ക് പോയി. മദ്രാസിൽ വെച്ച് വിജയ്‌യെ കണ്ടു. അദ്ദേഹത്തിന് ഞങ്ങൾ മീശ മാധവൻ കാണിച്ചുകൊടുത്തു.
Read more
മീശ മാധവൻ കണ്ടിട്ട് വിജയ് എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്കോർമയുണ്ട്. സിനിമ ഒരുപാട് നന്നായിട്ടുണ്ട്, പക്ഷെ ക്ലൈമാക്സ് എന്നെ പോലൊരു സ്റ്റാറിന് പറ്റിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്റ്റാറിന് ചെയ്യാൻ പറ്റിയ അത്രയും ഹെവിയല്ല ഇതിന്റെ ക്ലൈമാക്സെന്ന് വിജയ് പറഞ്ഞു. പക്ഷെ ഒരു സ്റ്റാർ ആവാൻ പോകുന്ന ഒരാൾക്ക് ഈ ക്ലൈമാക്സ് ഓക്കെയാണെന്നും വിജയ് പറഞ്ഞു. എനിക്ക് ഈ ക്ലൈമാക്സ് പോരായെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ തമിഴിൽ മീശ മാധവൻ നടന്നില്ല.” എന്നാണ് സഫാരി ടിവിയിൽ ലാൽ ജോസ് പറഞ്ഞത്.