പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ വിഷമം മാത്രമാണ് ‘ഗോള്‍ഡ്’ സിനിമയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ എന്ന് ലാലു അലക്‌സ്. കേരളത്തിലെ ജനങ്ങള്‍ക്ക് അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനെ ഇഷ്ടമാണ്. ഗോള്‍ഡില്‍ പ്രതീക്ഷ പൊലിഞ്ഞെങ്കിലും അല്‍ഫോണ്‍സിന്റെ അടുത്ത സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കും എന്നാണ് ലാലു അലക്‌സ് പറയുന്നത്.
ഗോള്‍ഡ് വിജയമാണോ പരാജയമാണോ എന്നു പറയാന്‍ തനിക്ക് കഴിയില്ല. സിനിമ നഷ്ടമാണോ എന്ന് പറയേണ്ടത് അതിന്റെ പ്രൊഡ്യൂസര്‍ ആണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഗോള്‍ഡുമായി വരുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഇഷ്ടപ്പെട്ട പ്രതിഭാശാലിയായ സംവിധായകനാണ് അദ്ദേഹം.
എന്നാല്‍ ജനങ്ങള്‍ പ്രതീക്ഷിച്ച പോലെ സിനിമ വന്നില്ല. പ്രേക്ഷകര്‍ കാത്തിരുന്ന സിനിമയാണ് ഗോള്‍ഡ്. റിലീസ് പല പ്രാവശ്യം മാറ്റിയപ്പോഴൊക്കെ ജനങ്ങള്‍ സിനിമയുടെ റിലീസിനെ കുറിച്ച് ചോദിച്ചിരുന്നു. കാരണം അല്‍ഫോന്‍സ് പുത്രനെ കേരളത്തിലെ ജനങ്ങള്‍ക്ക് അത്രയും ഇഷ്ടമാണ്.
നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടിയില്ലെങ്കില്‍ വിഷമമുണ്ടാകും. അതാണ് പ്രേക്ഷകര്‍ പ്രകടിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ കേരളത്തിലെ ജനങ്ങള്‍ ഗോള്‍ഡ് എന്ന സിനിമ ആഘോഷിക്കുകയായിരുന്നു.
ആ പ്രതീക്ഷ തെറ്റിയതാകാം ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ വരുന്നത്. ഒരു നിര്‍മ്മാതാവോ സംവിധായകനോ എടുക്കുന്ന എല്ലാ സിനിമകളും വന്‍ വിജയമാകണം എന്നില്ല. അല്‍ഫോണ്‍സ് പുത്രന്‍ അടുത്ത പടം ഉടനെ ചെയ്യുമായിരിക്കും, അന്നും ഇതേ പോലെ ജനങ്ങള്‍ കാത്തിരിക്കും എന്നാണ് ലാലു അലക്‌സ് പറയുന്നത്.