'മായനദി', പ്രണയം ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന സിനിമ; നായിക ഐശ്വര്യ

റാണി പദ്മിനിക്ക് ശേഷം ആഷിക്ക് അബു സംവിധാനം ചെയ്ത “മായാനദി” പ്രണയം ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന സിനിമയെന്ന് ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മി.

പ്രണയ നൈരാശ്യം സംഭവിച്ച പെൺകുട്ടിയുടെ കഥയാണ് മായാനദി പറയുന്നത്. അപ്പു എന്നാണ് ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൻറെ നായകൻ ടോവിനോയെക്കുറിച്ചും മികച്ച അഭിപ്രായമാണ് നായികയ്ക്കുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്ന ആളാണ് ടോവിനോ, സ്റ്റാർ ആണെന്ന രീതിയിൽ അദ്ദേഹം ആരോടും പെരുമാറാറില്ല എന്നും ഐശ്വര്യ പറയുന്നു.

സിനിമയുടെ ചിത്രീകരണ വേളയിൽ സംവിധായകൻ ആഷിക്ക് അബു മികച്ച പിന്തുണ നൽകി. കൊച്ചിക്കു പുറമെ മധുര, ധനുഷ്‌കോടി എന്നീ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിൻറെ ഷൂട്ടിങ്. ആഷിക് അബുവിന്റെ ഫെയ്‌സ് ബുക്ക് പേജിൽ കാസ്റ്റിങ് കോൾ കണ്ടാണ് സിനിമയിൽ അഭിനയിക്കാൻ തന്റെ ചിത്രങ്ങൾ അയച്ചു കൊടുത്തത്. ആദ്യ സിനിമയായ “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള”യുടെ ഷൂട്ടിങ് കഴിഞ്ഞു റിലീസിന് തൊട്ടു മുമ്പായിരുന്നു മായാനദിയുടെ കാസ്റ്റിങ് കോൾ.

ആദ്യം ടെൻഷൻ ഉണ്ടായിരുന്നെങ്കിലും അവിടെ ചെന്നപ്പോൾ എല്ലാം മാറി. മലയാള സിനിമയികളെ മികച്ച യുവ നായകരോടൊപ്പം ആദ്യത്തെ സിനിമകൾ അഭിനയിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കണക്കാക്കുന്നതായും ഐശ്വര്യ പറഞ്ഞു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഷിക് അബു ഒരു സിനിമ സംവിധാനം ചെയ്യുന്നത്. റാണി പദ്‌മിനിക്ക് ശേഷം സംവിധാനം ചെയ്ത സിനിമയാണ് മായാനദി. ആദ്യ ചിത്രമായ ഡാഡി കൂളിനു ശേഷം എടുത്ത സാൾട്ട് ആൻഡ് പേപ്പറിലൂടെയാണ് ആഷിക്ക് മുഖ്യധാരയിലേക്ക് എത്തുന്നത്.