ക്ലിനിക്കല്‍ സൈക്കോളജി വിട്ട് താന്‍ ആത്മീയതയിലേക്ക് തിരിയാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞ് നടി ലെന. തന്റെ ചോദ്യങ്ങള്‍ക്കൊന്നും സൈക്കോളജിയില്‍ നിന്നും ഉത്തരങ്ങള്‍ ലഭിച്ചില്ല. സൈക്കോളജിയില്‍ തുടങ്ങിയ അന്വേഷണത്തിന് ഉത്തരം ലഭിച്ചത് ആത്മീയതയില്‍ നിന്നാണെന്ന് ലെന പറയുന്നു.
”ബിസിനസ്, കണക്ക്, സാമ്പത്തികശാസ്ത്രം ഒക്കെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സൈക്കോളജിയും കലകളും ഒന്നും അത്ര താല്‍പര്യമുള്ള മേഖലകള്‍ ആയിരിക്കില്ല. ഞാന്‍ തുടങ്ങിയത് മനസ് എന്താണ് എന്ന ചിന്തയില്‍ നിന്നാണ്. സ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോഴേ സൈക്കോളജി പുസ്തകങ്ങളിലേക്ക് തിരിഞ്ഞിരുന്നു.”
”എന്നാല്‍, ക്ലിനിക്കല്‍ സൈക്കോളജിയില്‍ കൂടുതല്‍ മുന്നേറുമ്പോഴും എന്താണ് മനസ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടുന്നില്ല. ഞാന്‍ കരുതുന്നത് മോഡേണ്‍ സയന്‍സില്‍ മനസ് എന്നത് ഇപ്പോഴും ഒരു പ്രഹേളികയാണ് എന്നാണ്. അവര്‍ പല വാക്കുകള്‍ ഉപയോഗിക്കുന്നു.”
”എന്നാലോ അതൊന്നും കൃത്യമായി മനസിനെ നിര്‍വ്വചിക്കാന്‍ സഹായകമല്ലതാനും. അതുകൊണ്ടാണ് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ഞാന്‍ തുടരാതിരുന്നത്. പകരം ആത്മീയതയിലേക്ക് തിരിഞ്ഞപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കൃത്യമായി ലഭിച്ചു.”
”സൈക്കോളജിയില്‍ തുടങ്ങിയ അന്വേഷണത്തിന് ഉത്തരം ലഭിച്ചത് ആത്മീയതയില്‍ നിന്നാണ്. സൈക്കോളജിയുടെ പഠനത്തില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമില്ലായ്മ എന്നെ ആത്മീയതയിലേക്ക് നയിച്ചു എന്നു പറയാനാണ് എനിക്കിഷ്ടം” എന്നാണ് ലെന സമകാലിക മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.