മലയാളത്തിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് ശ്രദ്ധേയയായ താരമാണ് ലിയോണ ലിഷോയ്. ഇപ്പോഴിതാ സിനിമയിൽ നിന്ന് ഇടവേള എടുത്തത്തിനെ പറ്റിയും തനിക്ക് ബാധിച്ച എൻഡോമെട്രിയോസിസ് എന്ന രോഗത്തെ കുറിച്ചും സംസാരിക്കുകയാണ് ലിയോണ ലിഷോയ്.
സിനിമ എന്ന സ്ഥിരതയാർന്ന ഒന്നല്ലെന്നും നമ്മൾ അല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ മുന്നിലുണ്ടെന്നും ലിയോണ പറയുന്നു. കൂടാതെ രോഗം ബാധിച്ച സമയത്ത് മധുരവും പാലും എല്ലാം ഒഴിവാക്കി വെജിറ്റേറിയൻ ആയെന്നും ചോറും പരിപ്പും കഴിച്ചാണ് ഒന്നര വർഷം അതിജീവിച്ചതെന്നും ലിയോണ പറയുന്നു.
“ഇന്ന് നല്ല സിനിമ കിട്ടിയെങ്കിലും കുറച്ച് നാളത്തേക്ക് സിനിമയേ ഉണ്ടാകില്ല. പെട്ടെന്ന് സിനിമയിൽ ചലനമുണ്ടാകുകയും എല്ലാവരും നിങ്ങളെ പറ്റി സംസാരിക്കുകയും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയും ട്രോളുകൾ ഉണ്ടാവുകയും ചെയ്യും. പക്ഷെ അതൊക്കെ താൽക്കാലികമാണ്. അത് കഴിഞ്ഞ് നമ്മൾ സിനിമാ രംഗത്ത് ഉണ്ടാകുമോ എന്നറിയില്ല. ഇന്ന് ഒരുപാട് ഓപ്ഷനുണ്ട്. ഒരാളില്ലെങ്കിൽ അടുത്ത കുട്ടിയുണ്ടാകും.
അതിൽ കിട്ടുന്ന അവസരങ്ങൾ ചെറുതായി കാണരുത്. ആത്മാർത്ഥമായാണ് പണിയെടുക്കുന്നതെന്ന് എനിക്കുറപ്പുണ്ട്. അതാണ് മുന്നോട്ട് നയിക്കുന്ന ഏക ശക്തി. വേറെയൊന്നും കണ്ടിട്ട് കാര്യമില്ല. ഗ്ലാമറും അറ്റൻഷനും ലൈക്കും ഫോളോവേഴ്സും എന്നതിനല്ലാമപ്പുറത്തേക്ക് നമ്മുടെ വർക്ക് സംസാരിക്കണം. അതിന് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ആലോചിക്കുക. ആദ്യ സിനിമ ഹിറ്റായാൽ പെട്ടെന്ന് കിട്ടുന്ന പ്രശസ്തിക്ക് പിന്നാലെ പോകാതെ അധ്വാനിക്കേണ്ടതുണ്ട്.
ഈ അസുഖം ഭേദപ്പെടുത്താൻ പറ്റുമെന്ന് അറിഞ്ഞപ്പോഴാണ് ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടതെന്നും ലിയോണ വ്യക്തമാക്കി. ആയുർവേദ ചികിത്സ തുടങ്ങിയപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ചും ലിയോണ സംസാരിച്ചു. മധുരവും പാലുമൊന്നും കഴിക്കാൻ പറ്റില്ല. വെജിറ്റേറിയനായി. അരിയാഹാരം മാത്രമേ പറ്റൂ. ചോറും പരിപ്പും കഴിച്ചാണ് ആ ഒന്നരവർഷം അതിജീവിച്ചത്.
പക്ഷെ എനിക്ക് മാറ്റങ്ങൾ കണ്ടു. വേറൊരു ജന്മം ലഭിച്ചത് പോലെയുള്ള റിഫ്രഷിംഗ് ആയിരുന്നു ആ മാറ്റം. ചില ദിവസം ഈ ദിവസം എന്താണ് തീരാത്തത് എന്നാലോചിക്കും. 12 മാൻ എന്ന സിനിമയ്ക്കിടെ എല്ലാവരിൽ നിന്നും മാറി നിന്നു.
ജിത്തു ജോസഫ് സാർ എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ഷൂട്ടില്ലാത്ത ഒരു ദിവസം റൂമിൽ തന്നെയായിരുന്നു. ജിത്തു സാറുടെ കോട്ടേജ് എന്റെ റൂമിന് അടുത്തായിരുന്നു. എന്നെ പുറത്തേക്കൊന്നും കാണാത്തപ്പോൾ അദ്ദേഹം മുറിയിൽ തട്ടി. കരഞ്ഞ് എന്റെ കണ്ണുകൾ ബൾബ് പോലെയാണുള്ളത്. ഡോർ തുറന്നപ്പോൾ എന്ത് പറ്റിയെന്ന് ചോദിച്ചു.” എന്നാണ് മൈൽസ്റ്റോൺ മെക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ലിയോണ പറഞ്ഞത്.