Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘100 കോടിയോ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടത്, ചിത്രത്തില്‍ എന്താണ് പറയുന്നത് എന്നതിനാണ് പ്രാധാന്യം’; ലിജോ ജോസ് പെല്ലിശ്ശേരി

, 1:04 pm

സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത് ചിത്രീകരണത്തിന്റെ ബജറ്റ് നോക്കിയായിരിക്കരുതെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. 100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടതെന്നും, ചിത്രത്തില്‍ എന്താണ് പറയുന്നത് എന്നതിനല്ലേ പ്രാധാന്യമെന്നും ലിജോ ചോദിക്കുന്നു. ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സിനിമകള്‍ ചെറുതാവണം എന്നൊരു വാദം എനിക്കില്ല. കഥ പറയാന്‍ ആവശ്യമായത് നമ്മള്‍ ഉപയോഗിക്കണം. വലിയൊരു സംഭവവിവരണം ആണെങ്കില്‍ അതിന് ആവശ്യമായിവരുന്ന ബജറ്റ് ഉപയോഗിക്കണം. ഒരു എപിക് സ്‌കെയിലിലുള്ള ഒരു സിനിമ നമുക്ക് ഒരു മുറിയിലിരുന്ന് പറയാന്‍ പറ്റില്ല. ഈ.മ.യൗ ഒരു വീടിന്റെ ചുറ്റുവട്ടത്ത് നിന്ന് പറയാവുന്ന കഥയായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.’

‘അതേസമയം സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുത്. 100 കോടി മുടക്കി, അല്ലെങ്കില്‍ 1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത്. സിനിമയില്‍ എന്താണ് പറയുന്നത് എന്നതിനല്ലേ പ്രാധാന്യം? ഞാന്‍ ഇത്രയും പണം മുടക്കിയതുകൊണ്ട് നിങ്ങള്‍ ഈ സിനിമ കാണണമെന്ന് പ്രേക്ഷകരോട് പറയുന്നത് തന്നെ വളരെ തെറ്റായ ഒന്നായിട്ടാണ് തനിക്ക് തോന്നുന്നതെന്നും’ ലിജോ പറഞ്ഞു.

ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തിലേക്ക് ഈ.മ.യൗ. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവാര്‍ഡിനെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്നും ലിജോ പറയുന്നു. അത്തരം പ്രതീക്ഷകളോടെയൊന്നുമല്ല ഞാന്‍ സിനിമ ചെയ്യുന്നത്. മറ്റ് സിനിമകളുടെ കാര്യം പോലെ ഈ.മ.യൗ എന്ന ചിത്രവും ഇഷ്ടപ്പെട്ടതുകൊണ്ട് ചെയ്തുവെന്നും ലിജോ പറഞ്ഞു. 49-ാം ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനായി ലിജോയെയും നടനായി ചെമ്പന്‍ വിനോദിനെയും തിരഞ്ഞെടുത്തിരുന്നു. ഈ.മ.യൗ എന്ന ചിത്രമാണ് മലയാളക്കരയിലേക്ക് രണ്ട് അവാര്‍ഡുകള്‍ എത്തിച്ചത്.

Advertisement