സത്യമംഗലം ഓര്‍ഫനേജില്‍ വളര്‍ന്ന ലിയോയും അമറും.. ആ കഥ വ്യാജമാകാന്‍ ചാന്‍സ് ഉണ്ട്; വ്യക്തമാക്കി ലോകേഷ്, അമ്പരന്ന് ആരാധകര്‍

തെന്നിന്ത്യയില്‍ ഇപ്പോഴും ‘ലിയോ’ തരംഗമാണ്. ലോകേഷ് കനകരാജ്-വിജയ് ചിത്രം ബോക്‌സ് ഓഫീസ് കീഴടക്കി കുതിക്കുകയാണ്. ഇതിനിടെ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലിയോയിലെ ഫ്‌ലാഷ് ബാക്കില്‍ ഏറെക്കുറെ വ്യാജമാകാന്‍ സാധ്യതയുണ്ട് എന്നാണ് ലോകേഷ് പറയുന്നത്.

ലിയോ ആരാണെന്ന് പാര്‍ത്ഥിപന്‍ പറഞ്ഞിട്ടില്ല. മന്‍സൂര്‍ അലിഖാന്റെ കഥാപാത്രം പറഞ്ഞ ഫ്‌ലാഷ് ബാക്ക് സത്യമാകാനും വ്യാജമാകാനും സാധ്യതയുണ്ട്. ഇത് മനസിലാകാതിരിക്കാന്‍ പല ഭാഗങ്ങളും കട്ട് ചെയ്തിട്ടുണ്ട് എന്നാണ് ലോകേഷ് കനകരാജ് ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

”ലിയോ ആരാണെന്ന് പാര്‍ത്ഥിപന്‍ ഇതുവരെ പറഞ്ഞിട്ടില്ല. മന്‍സൂര്‍ അലി ഖാനല്ലേ ലിയോയെ പറ്റി പറഞ്ഞത്. അയാള്‍ സത്യവും കള്ളവും പറയാന്‍ സാധ്യതയുണ്ട്. എല്ലാ കഥയ്ക്കും ഒരു പെസ്പക്ടീവ് ഉണ്ടാകുമല്ലോ. ഇത് എന്റെ പെസ്പക്ടീവ് ആണെന്ന് പറഞ്ഞായിരുന്നു അയാളാ കഥ തുടങ്ങിയത്. പക്ഷേ പിന്നീടത് കട്ട് ചെയ്തു.”

”പറയാന്‍ പോകുന്ന കഥ വ്യാജമാണെന്ന് അതിലൂടെ തന്നെ മനസിലാകും എന്നത് കൊണ്ടായിരുന്നു അത്” എന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിലെ ഓര്‍ഫനേജ് കണക്ഷനെ കുറിച്ചുള്ള ചോദ്യത്തിനും ലോകേഷ് മറുപടി നല്‍കുന്നുണ്ട്. ”സത്യമംഗലം ഓര്‍ഫനേജിന്റെ കണക്ഷന്‍ വേറൊരിടത്താണ് ഉള്ളത്.”

”ഫഹദ് ഫാസില്‍ (അമര്‍-വിക്രം) ഒരു ഓര്‍ഫനേജില്‍ ആണ് വളര്‍ന്നത്. അത് സിനിമയില്‍ പുള്ളി പറഞ്ഞിട്ടുമുണ്ട്. ഒരുപക്ഷേ ലിയോയും അമറും തമ്മില്‍ ബന്ധമുണ്ടാകാം. എല്‍സിയു എന്നത് കുട്ടികളുടെ സംരംക്ഷണം ലഹരിക്കെതിരായ പോരാട്ടം എന്നിവയാണ്” എന്നും ലോകേഷ് വ്യക്തമാക്കി.

Read more

അതേസമയം, പാര്‍ത്ഥി തൃഷയെ കാണുന്നത് ഓര്‍ഫനേജില്‍ വച്ചാണെന്ന് ചിത്രത്തില്‍ പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ തൃഷയ്ക്കും സത്യമംഗലം ഓര്‍ഫനേജുമായി ബന്ധമുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൈതി 2, വിക്രം 2 സിനിമകളില്‍ എല്‍സിയുവിലെ എല്ലാ കഥാപാത്രങ്ങളെയും കാണിക്കുമെന്നും പുതിയ വില്ലന്‍ വരുമെന്നും ലോകേഷ് പറയുന്നുണ്ട്.