500 കോടി എന്ന നേട്ടവും പിന്നിട്ട് ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ് വിജയ് ചിത്രം ‘ലിയോ’. ചിത്രം തിയേറ്ററുകള്‍ കീഴടക്കുമ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ അഭിമുഖങ്ങളും ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ സര്‍പ്രൈസ് കഥാപാത്രമായിരുന്നു മഡോണ സെബാസ്റ്റിയന്‍ അവതരിപ്പിച്ച എലിസ ദാസ്.
എലിസ ദാസ് എന്ന കഥാപാത്രമായി മഡോണയെ കാസ്റ്റ് ചെയ്യാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ് ഇപ്പോള്‍. ”എന്തുകൊണ്ട് മഡോണ സെബാസ്റ്റ്യന്‍ എന്ന് ചോദിച്ചാല്‍ അവരുടെ പ്രകടനം എനിക്ക് മുമ്പേ ഇഷ്ടമാണ് എന്നതാണ് ആദ്യ ഉത്തരം.”
”രണ്ടാമത്തെ കാര്യം വിജയ് അണ്ണന്റെ ഉയരം, നൃത്തം ഇതുമായൊക്കെ ചേര്‍ന്നു നില്‍ക്കുന്ന ഒരാള്‍ ആര് എന്ന ആലോചനയിലുമാണ് മഡോണയുടെ പേര് വന്നത്” എന്നാണ് ഒരു അഭിമുഖത്തില്‍ ലോകേഷ് വെളിപ്പെടുത്തിയത്. ഇത് കൂടാതെ ഇരട്ട സഹോദരന് പകരം സഹോദരിയെ കൊണ്ടുവന്നതിനെ കുറിച്ചും ലോകേഷ് സംസാരിക്കുന്നുണ്ട്.
”ഇരട്ട സഹോദരന്‍ എന്നത് സിനിമയില്‍ ഒരുപാട് തവണ കണ്ടിട്ടുള്ളതാണെന്ന് തോന്നി. ഒപ്പം ഇരട്ട സഹോദരന്‍ ആണെങ്കില്‍ ചിത്രത്തിന്റെ കഥ സംബന്ധിച്ച് ഇനിയും ചില സംശയങ്ങളും ആശയക്കുഴപ്പങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് വന്നുചേരും. ജീവനോടെ ഇരിക്കുന്നത് ആര്? ഇപ്പുറത്ത് പാര്‍ഥിപനും ലിയോയും നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.”
Read more
”സിനിമ പാര്‍ഥിപനും ലിയോയും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് ചുരുക്കണമായിരുന്നു. അതുകൊണ്ടാണ് ഒരു ഇരട്ട സഹോദരി ആകാമെന്ന് വച്ചത്” എന്നാണ് ലോകേഷ് പറയുന്നത്. അതേസമയം, ഇന്ത്യയില്‍ നിന്നും മാത്രം 300 കോടിയാണ് ലിയോ നേടിയ കളക്ഷന്‍. 605 കോടി കളക്ഷന്‍ നേടിയ ‘ജയിലര്‍’ ചിത്രത്തെ ലിയോ മറികടക്കുമെന്നാണ് സൂചനകള്‍.