മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ വീരഗാഥയില്‍ അസിസ്റ്റന്റായിരുന്ന എം. പത്മകുമാര്‍ ഇന്ന് മമ്മൂട്ടിയെ നായകനാക്കി ഒരു ചിരിത്രം സിനിമ തന്നെ സംവിധാനം ചെയ്തിരിക്കുന്നു. വടക്കന്‍ വീരഗാഥ ചെയ്തപ്പോള്‍ മമ്മൂട്ടിയില്‍ കണ്ട അതേ ഊര്‍ജ്ജവും ആവേശവും മാമാങ്കം ചെയ്തപ്പോഴും തനിക്ക് അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞെന്നാണ് പത്മകുമാര്‍ പറയുന്നത്.
“വടക്കന്‍ വീരഗാഥ ചെയ്തപ്പോള്‍ മമ്മൂക്കയുടെ കൂടെയുണ്ടായിരുന്ന ആളാണ് ഞാന്‍. അതു കൊണ്ട് തന്നെ എനിക്കു തറപ്പിച്ചു പറയാന്‍ കഴിയും, മമ്മൂക്കയുടെ അതേ ഊര്‍ജം, ആവേശം ഇന്നും അദ്ദേഹം നിലനിര്‍ത്തുന്നു. അതേ ആവേശത്തോടെ ഇപ്പോള്‍ മാമാങ്കത്തിലെ ചാവേറിന്റെ കഥാപാത്രവും ചെയ്യുന്നു. മലയാള സിനിമയ്ക്കല്ല ലോക സിനിമയ്ക്കു തന്നെ എടുത്തു പറയാവുന്ന, വളരെ അപൂര്‍വമായി മാത്രം ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന അനുഭവമായിരിക്കും ഇത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ പത്മകുമാര്‍ പറഞ്ഞു.
വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രവും പഴശ്ശിരാജയിലെ കഥാപാത്രവും തമ്മില്‍ ഒരുപാടു വ്യത്യാസമുള്ളതുപോലെ തന്നെയാണ് മാമാങ്കത്തിലേതും എന്നും അദ്ദേഹം പറഞ്ഞു. “മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടില്‍നിന്ന് സാമൂതിരിയെ എതിരിടാന്‍ പോയ ചാവേര്‍ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക അഭിനയിക്കുന്നത്. അത്തരമൊരു കഥാപാത്രത്തിന് മറ്റുളള കഥാപാത്രങ്ങളില്‍നിന്ന് വളരെയേറെ വ്യത്യാസമുണ്ട്.” പത്മകുമാര്‍ പറഞ്ഞു.