തലയോട്ടികളും എല്ലുകളുമൊക്കെ അവിടെയുണ്ട്, ഡ്യൂപ്പിനെ വച്ച് ചെയ്യാമെന്ന് അനന്യയോട് പറഞ്ഞതാണ്, ലാലേട്ടനും ഒരുപാട് റിസ്‌ക് എടുത്തു: എം പദ്മകുമാര്‍

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഗുണ കേവ്‌സില്‍ ചിത്രീകരിച്ച മോഹന്‍ലാല്‍ ചിത്രം ‘ശിക്കാര്‍’ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ശിക്കാറിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ഗുണ കേവ്സിലാണ്. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ 2010ല്‍ റിലീസ് ചെയ്ത ചിത്രമാണ് ശിക്കാര്‍.

മോഹന്‍ലാല്‍ അവതരിപ്പിച്ച ബലരാമന്‍ എന്ന കഥാപാത്രത്തിന്റെ മകളെ (അനന്യ) വില്ലന്‍ തട്ടിക്കൊണ്ടുപോവുകയും മകളെ മോഹന്‍ലാല്‍ രക്ഷിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. ത്യാഗരാജന്‍ മാസ്റ്ററാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്. ഈ ക്ലൈമാക്സ് രംഗങ്ങള്‍ വീണ്ടും വൈറലായിരുന്നു.

ഗുണ കേവ്‌സില്‍ താന്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില്‍ പോലും മറക്കില്ല എന്ന് പറഞ്ഞു കൊണ്ട് മോഹന്‍ലാല്‍ എഴുതിയ കുറിപ്പ് വീണ്ടും വൈറലായിരുന്നു. നിരവധി അസ്ഥികൂടങ്ങളും പഴകിയ വസ്ത്രങ്ങളും ഗുണ കേവ്‌സില്‍ ഉണ്ടെന്ന് ആയിരുന്നു കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞത്.

മഞ്ഞുമ്മല്‍ ബോയ്‌സിലും ഗുഹയ്ക്കുള്ളില്‍ തലയോട്ടിയും അസ്ഥികളും കിടക്കുന്നതായി കാണിക്കുന്നുണ്ട്. ഗുണ കേവ്‌സില്‍ അന്ന് താന്‍ കണ്ട കാഴ്കളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ശിക്കാര്‍ സംവിധായകന്‍ എം പദ്മകുമാറും. ഗുണകേവില്‍ തലയോട്ടിയും എല്ലുകളുമൊക്കെ കിടക്കുന്ന സീനുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സില്‍ കാണിക്കുന്നുണ്ട്. അത് സീനിന് വേണ്ടി വെറുതെയുണ്ടാക്കിയതല്ല.

യഥാര്‍ഥത്തില്‍ അങ്ങനെയുണ്ട്. തങ്ങള്‍ ഇറങ്ങുന്ന വഴിക്ക് തലയോട്ടിയും എല്ലുകളും ഒക്കെ കിടക്കുന്നത് കണ്ടിട്ടുണ്ട്. മുമ്പ് ഒരുപാട് അപകടം നടന്ന സ്ഥലമാണെന്ന് അവിടെയുള്ള സ്ഥലവാസികള്‍ പറഞ്ഞിരുന്നു. അവിടെ ഇറങ്ങാന്‍ ആര്‍ക്കും അനുവാദം കൊടുക്കില്ല. ഷൂട്ടിന് വേണ്ടി സ്പെഷല്‍ പെര്‍മിഷന്‍ എടുത്തിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

അനന്യയോട് വേണമെങ്കില്‍ നമുക്ക് ഡ്യൂപ്പിനെ വച്ച് ഷൂട്ട് ചെയ്യാം, റിസ്‌ക് എടുക്കണ്ട എന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുഴപ്പമില്ല, താന്‍ തന്നെ ചെയ്യാമെന്ന് അനന്യ പറയുകയായിരുന്നു. ലാലേട്ടന്‍ പറഞ്ഞു ‘മോളേ, സൂക്ഷിക്കണം ഉറപ്പുണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതി. അല്ലെങ്കില്‍ ഡ്യൂപ്പിട്ട് ചെയ്യാം’. എന്നാല്‍ അനന്യ പിന്‍മാറിയില്ല.

അത് ചെയ്യാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചേ മതിയാകൂ. ലാലേട്ടന്‍ ചാടി വീണ് അവളെ പിടിക്കുന്ന ഒരു രംഗം ഉണ്ട് അതൊക്കെ ഒരുപാട് മുന്‍കരുതല്‍ എടുത്താണ് ചെയ്തത്. അദ്ദേഹവും ഒരുപാട് റിസ്‌ക് എടുത്താണ് അത് ചെയ്തത്. അദ്ദേഹത്തെയും അഭിനന്ദിക്കാതെ തരമില്ല എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പദ്മകുമാര്‍ പറയുന്നത്.

Read more