'പേര് മായ്ച്ചിട്ടില്ല'; മാക്ട ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് വിനയനോട് എം. പത്മകുമാര്‍

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന വിനയന്റെ ആരോപണത്തില്‍ പ്രതികരിച്ച് എം പത്മകുമാര്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് സത്യാവസ്ഥ പരിശോധിക്കണം എന്നാണ് പത്മകുമാര്‍ പറഞ്ഞത്.

വിനയന്‍ ഉള്‍പ്പടെയുള്ള മുന്‍ഭാരവാഹികളുടെ പേരടങ്ങുന്ന ബോര്‍ഡ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘മാക്ടയെ കുറിച്ചും മാക്ടോസിനെ കുറിച്ചും സംവിധായകന്‍ ശ്രീ വിനയന്‍ എഴുതിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചു.

മറ്റു വിഷയങ്ങളില്‍ എന്റെ പ്രതികരണത്തിന് പ്രസക്തിയില്ലെങ്കിലും മാക്ടയുടെ ബോര്‍ഡില്‍ നിന്നുപോലും തന്റെ പേര് മായ്ച്ചു കളഞ്ഞു എന്ന പരാമര്‍ശത്തിന് മറുപടിയായി മാക്ടയുടെ എറണാകുളം ഓഫീസിലുള്ള, മുന്‍ ഭാരവാഹികളുടെ പേരുകള്‍ ചേര്‍ത്ത ഈ ബോര്‍ഡിന്റെ ചിത്രം ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ആരോപണങ്ങള്‍ പരസ്യപ്പെടുത്തുന്നതിനു മുന്‍പ് അതിന്റെ സത്യാവസ്ഥ ഒരിക്കല്‍ കൂടെ പരിശോധിക്കുന്നത് ഒരു നല്ല കാര്യമാണ്’, എം പത്മകുമാര്‍ പറഞ്ഞു.

Read more

ഫേസ്ബുക്കിലൂടെയാണ് വിനയന്‍ മാക്ടക്കും സഹകരണ സംഘമായ മാക്ടോസിനുമെതിരെ ആരോപണവുമായി എത്തിയത്. തന്നെ മാക്ടയില്‍ നിന്ന് വിലക്കുകയും ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള തന്റെ പേര് പോലും സംഘടനയുടെ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയെന്നും വിനയന്‍ പറഞ്ഞു.