മലയാള സിനിമയില്‍ നടന്‍മാര്‍ സഹകരിക്കാത്തതിനെ കുറിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ ജയസൂര്യയില്‍ നിന്നും കുഞ്ചാക്കോ ബോബനില്‍ നിന്നും തനിക്കുണ്ടായ അനുഭവങ്ങള്‍ പറഞ്ഞ് സംവിധായകന്‍ എം.എ നിഷാദ്. ‘വൈരം’ എന്ന സിനിമ വിജയിച്ചപ്പോള്‍ ജയസൂര്യ തന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഒരു സിനിമ പരാജയപ്പെട്ടപ്പോള്‍ സംസാരിക്കാന്‍ മടി കാണിച്ചു എന്നാണ് സംവിധായകന്‍ പറയുന്നത്.
താന്‍ വിജയ സിനിമയുടെ സംവിധായകന്‍ ആയപ്പോള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമ ഒരുക്കാന്‍ പ്ലാനിട്ടിരുന്നു. എന്നാല്‍ നടന്‍ പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്ത് നായകനാക്കാന്‍ നിര്‍മ്മാതാക്കള്‍ സമ്മതിച്ചില്ല. അതുകൊണ്ട് സിനിമ ചെയ്യില്ലെന്ന് താന്‍ പറഞ്ഞു. പിന്നീട് ചാക്കോച്ചന്‍ തനിക്ക് ഡേറ്റ് തന്നിട്ടില്ല എന്നാണ് എം.എ നിഷാദ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
എം.എ നിഷാദിന്റെ വാക്കുകള്‍:
വൈരം സിനിമ കഴിഞ്ഞപ്പോള്‍ ജയസൂര്യ എന്നെ കെട്ടിപ്പിടിച്ച് ഭയങ്കര സ്‌നേഹവും അഭിനന്ദനം ഒക്കെ ആയിരുന്നു. പിന്നീട് ഒരു സിനിമയ്ക്ക് വേണ്ടി ഞാന്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍, അദ്ദേഹം അതിന് യാതൊരു തരത്തിലുള്ള പ്രോത്സാഹനവും നല്‍കിയില്ല. ഒരുപക്ഷെ വൈരം കഴിഞ്ഞിട്ട് ഞാന്‍ ചെയ്ത ബെസ്റ്റ് ഓഫ് ലക്ക് പൊട്ടിയതു കൊണ്ടാവാം. സിനിമ എപ്പോഴും വിജയിക്കുന്നവന്റെ കൂടെയാണ്. ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇത്രയ്‌ക്കേ ഉള്ളോ സിനിമയിലെ ബന്ധങ്ങള്‍ എന്ന്. അത് മെറ്റീരിയലിസ്റ്റിക് ആണ്. അന്ന് എനിക്ക് കുറച്ച് വിഷമം വന്നു.
കാരണം, സിനിമയില്‍ ഞാനൊരു കഥാപാത്രം കൊടുത്ത, അയാളും കുടുംബവും വന്ന് പടം കണ്ടു, എക്‌സലെന്റ് മൂവി എന്ന് വിധിയെഴുതി. അയാള്‍ മാത്രമല്ല പൊതുസമൂഹവും. അത് ചെയ്തിട്ട് ഞാന്‍ ചെയ്ത പടം പരാജയപ്പെട്ടപ്പോള്‍ അത് വച്ച് എന്നെ അളക്കാന്‍ പാടില്ല, എന്നെ എന്നല്ല ലോകത്ത് ഒരു മനുഷ്യനെയും അളക്കാന്‍ പാടില്ല. ഒന്ന്, രണ്ട് തവണ പിന്നീട് ജയസൂര്യയില്‍ നിന്നും കിട്ടിയ അനുഭവം അത്ര വെല്‍കമിംഗ് ആയിരുന്നില്ല. അതുകൊണ്ട് അയാളില്‍ നിന്നും ഞാന്‍ അകലം പാലിച്ചു.
ജയസൂര്യയുടെ ഡേറ്റ് ഇല്ലെങ്കില്‍ എം.എ നിഷാദ് ഇല്ല എന്നില്ലല്ലോ. അപ്പോ സ്വാഭാവികമായിട്ടും അങ്ങനെയൊക്കെ ഉണ്ടാവും. അതൊക്കെ മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ വേണം മുന്നോട്ട് പോകാന്‍. വൈരം കഴിഞ്ഞപ്പോള്‍ ഒരു ഗ്രൂപ്പ് എനിക്ക് അഡ്വാന്‍സ് തന്നു ഒരു പടം ചെയ്യാന്‍. അന്ന് ഒരു ഹ്യൂമര്‍ സബ്ജക്ട് ആണ് വന്നത്. ഈ പടത്തിന്റെ നായകന്‍ ചാക്കോച്ചന്‍ ആയിരിക്കണമെന്ന് അന്ന് ഞാന്‍ പറഞ്ഞു. അന്ന് കുഞ്ചാക്കോ ബോബന്‍ പൊട്ടി നില്‍ക്കുകയാണ്. എന്റെ അടുത്ത സുഹൃത്ത് ആണ്.
മലയാള സിനിമയിലെ ഏറ്റവും മാന്യനായ ഒരാളാണ്. പൊന്മാന്‍ എന്നായിരുന്നു സിനിമയുടെ പേര്. ആ സ്‌ക്രിപ്റ്റ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സംസാരിച്ചപ്പോള്‍ അദ്ദേഹം ഭയങ്കര ഹാപ്പിയായി. ചാക്കോച്ചനെ വച്ച് ചെയ്യാമെന്ന് തിരിച്ച് വന്ന് നിര്‍മ്മാതാവിനോട് പറഞ്ഞു. മാര്‍ക്കറ്റ് ഉള്ള നടന്‍ വേണമെന്ന് അവര് പറഞ്ഞു. ചാക്കോച്ചനെ മാറ്റണമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു മാറ്റില്ലെന്ന്. എനിക്ക് വേണമെങ്കില്‍ സിനിമാക്കാരുടെ സ്വഭാവം കാണിക്കാമായിരുന്നു.
പക്ഷെ ഞാന്‍ പറഞ്ഞു, ഈ പടം ചെയ്യുകയാണെങ്കില്‍ അത് ചാക്കോച്ചനെ വച്ച് മാത്രമേ ചെയ്യുകയുള്ളൂയെന്ന്. അല്ലെങ്കില്‍ ചെയ്യില്ലെന്ന് പറഞ്ഞു. ചാക്കോച്ചന്റെ ഡേറ്റ് പിന്നീട് എനിക്ക് കിട്ടിയിട്ടില്ല. ഒന്നിച്ച് അഭിനയിച്ചപ്പോള്‍ ഗര്‍ര്‍ എന്നൊരു സിനിമയെ കുറിച്ച് പറഞ്ഞു. അത് ചാക്കോച്ചന് ഇഷ്ടമായില്ല. എന്നാല്‍ ഇപ്പോള്‍ ഗര്‍ര്‍ എന്നൊരു പടത്തില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്.