വ്യക്തി വിരോധമാണ് അവാര്‍ഡ് നിര്‍ണയത്തില്‍ നിഴലിച്ചത്, തഴയപ്പെട്ട സിനിമകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം: എം.എ നിഷാദ്

ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിഴലിച്ചത് വ്യക്തി വിരോധമാണെന്ന് സംവിധായകന്‍ എം.എ നിഷാദ്. തിരശ്ശീലക്കുളളില്‍ മുഖം മറച്ചിരിക്കുന്ന ആ ബഹുമാന്യന്റെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ അന്വേഷിക്കണം. തഴയപ്പെട്ട സിനിമകളുടെ ലിസ്റ്റ് അക്കാദമി പ്രസിദ്ധീകരിക്കണം, പ്രേക്ഷകര്‍ വിലയിരുത്തട്ടെ എന്നാണ് എം.എ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അക്കാദമിയുടെ ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയാണ് സംവിധായകന്റെ പ്രതികരണം.

എ.എ നിഷാദിന്റെ കുറിപ്പ്:

ചലച്ചിത്ര അവാര്‍ഡ് വിവാദം. എല്ലാ അവാര്‍ഡ് പ്രഖ്യാപനങ്ങളിലും വിവാദങ്ങളുണ്ടാകാറുണ്ട്… ഒരുപക്ഷേ സ്വജനപക്ഷപാതം, ജൂറിയുടെ ചില തീരുമാനങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടാണ് നാളിത് വരെ, അവാര്‍ഡ് പ്രഖ്യാപനത്തില്‍ വിവാദങ്ങള്‍ ഉണ്ടായിട്ടുളളത്. എന്നാല്‍ ഇക്കുറി അതല്ല സംഭവിച്ചത്. അക്കാദമിയുടെ ചെയര്‍മാന്‍ അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടു എന്നുളള ഗുരുതര ആരോപണമാണ് പുറത്ത് വന്നിട്ടുളളത്. അത് നിയമ വിരുദ്ധമാണ്.

ജൂറിയിലെ തന്നെ രണ്ട് അംഗങ്ങള്‍ അക്കാദമി ചെയര്‍മാനെതിരേയും, ഒരംഗം പ്രിലിമിനറി കമ്മിറ്റിയിലെ കെ.എം. മധുസൂദനന്‍ എന്ന വ്യക്തിയുടെ ഇടപെടലുകളെ കുറിച്ചും പ്രതിപാദിക്കുകയുണ്ടായി. ജൂറി അംഗം പല സിനിമകളും പക്ഷപാത പൂര്‍ണമായിട്ടാണ് അല്ലെങ്കില്‍ നിക്ഷിപ്ത താല്‍പര്യത്തോടെയാണ് ഇടപെട്ടതെന്ന സത്യം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. ഈ വിഷയത്തില്‍ സാംസ്‌കാരിക മന്ത്രിയെയോ, വകുപ്പിനേയോ കുറ്റപ്പെടുത്താന്‍ കഴിയില്ല…. കാരണം, ഇതില്‍ രാഷ്ട്രീയമില്ല.

അതിനുളള ഉത്തമ തെളിവാണ്, ജൂറി മെമ്പര്‍മാരില്‍ ചിലരുടെ രാഷ്ട്രീയം. ”റെയില്‍വേ സ്റ്റേഷനില്‍ പോലും ചുവന്ന കൊടി കണ്ടാല്‍ ഹാലിളകുന്ന, കമ്യുണിസ്റ്റ് വിരുദ്ധനായ വിദ്വാന്‍, തന്റെ വരകളിലൂടെ സര്‍ക്കാറിനേയും, ഇടതുപക്ഷത്തേയും നിരന്തരമായി ആക്ഷേപിക്കുന്ന, പകല്‍ കോണ്‍ഗ്രസ്സും, രാത്രി ബിജെപിയുമായ ക്രിസംഘിയായ ഒരു മാന്യന്‍ ഈ ജൂറിയിലെ അംഗമായിരുന്നു.. ചെയര്‍മാന്റെ സ്വന്തം നോമിനിയായ ഈ വ്യക്തി ഹിസ് മാസ്റ്റേഴ്‌സ് വോയിസായി പ്രവര്‍ത്തിച്ചിരുന്നു എന്നാണ്, മനസ്സിലാക്കാന്‍ കഴിഞ്ഞത്.

അത് കൊണ്ട് ഈ അവാര്‍ഡ് നിര്‍ണയത്തില്‍ രാഷ്ട്രീയമല്ല, മറിച്ച് വ്യക്തി വിരോധമാണ് നിഴലിച്ചത്. തിരശ്ശീലക്കുളളില്‍ മുഖം മറച്ചിരിക്കുന്ന ആ ബഹുമാന്യന്റെ സ്വാര്‍ഥ താല്‍പ്പര്യങ്ങളും അന്വേഷിക്കേണ്ടേ. നൂറ്റി അറുപതോളം ചിത്രങ്ങള്‍ മത്സരത്തിനെത്തി… അതില്‍ 44 ചിത്രങ്ങള്‍ ഫൈനല്‍ ജഡ്ജിങ് കമ്മിറ്റിക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കുന്നു… ആ ചിത്രങ്ങള്‍ ഏതൊക്കെ? അതറിയാന്‍ ഇവിടുത്തെ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട് സാര്‍..

ആ ലിസ്റ്റ് അക്കാദമി പ്രസിദ്ധീകരിക്കണം. തഴയപ്പെട്ട സിനിമകള്‍ പ്രേക്ഷകര്‍ വിലയിരുത്തട്ടെ. അങ്ങനെ തഴയപ്പെട്ട ചിത്രങ്ങളില്‍ ആരുടെയെങ്കിലും പ്രകടനങ്ങള്‍ ഇവര്‍ അവാര്‍ഡ് നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഭീഷണിയാണോ.. അല്ലെങ്കില്‍ ആകുമോ.. ഇതൊക്കെ പ്രേക്ഷകര്‍ തീരുമാനിക്കട്ടെ… ഇത്തരം തെറ്റായ നടപടികള്‍ നടന്നിട്ടുണ്ടെങ്കില്‍, അത് സമയാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത അക്കാദമി സെക്രട്ടറിയുടെ പ്രവര്‍ത്തി, കുറ്റകരമാണ് എന്ന് പറയാതെ വയ്യ… മലയാളികള്‍ മണ്ടന്മാരല്ല കേട്ടോ