ഷൈന്‍ ടോം ചാക്കോയെ താന്‍ ഒരിക്കലും മഹത്വവല്‍ക്കരിച്ചിട്ടില്ലെന്ന് നടി മാല പാര്‍വതി. വിന്‍സി പേടിച്ചു, ഭയന്നു എന്ന് പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞു പോയതാണ്. അയ്യേ ഷൈനെ ഒക്കെ ആരെങ്കിലും പേടിക്കുമോ എന്നാണ് താന്‍ പറഞ്ഞത്. ലൈംഗികാതിക്രമത്തെ തമാശയായി കണ്ടതല്ല, ആ വ്യക്തിയെയാണ് തമാശയായി കണ്ടത് എന്നാണ് മാല പാര്‍വതി ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
”ഞാന്‍ ചോദിച്ചപ്പോള്‍ വിന്‍സി പറഞ്ഞു, വസ്ത്രം മാറ്റുന്ന സമയത്ത് അയാള്‍ കൂടെ വരണമെന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പേടിച്ചു എന്ന്. അത് എനിക്ക് ഒരു പ്രശ്‌നമായി തോന്നി. എന്തിനാണ് പേടിക്കുന്നത്. ഇയാള്‍ ആരാണ്, ആരും ആയിക്കോട്ടെ, അയാളെ ഒരു ജോക്കര്‍ ആയി കണ്ടിട്ട് പോടാ, നീ ആരാടാ എന്ന് അപ്പോള്‍ തന്നെ പറയണം എന്നാണ് ഞാന്‍ പറഞ്ഞത്. ആ സമയത്ത് പറയണം. എല്ലാവരും കൂടെ നില്‍ക്കും. പഴയ സിനിമ പോലെയല്ല ഇന്നത്തെ സിനിമ, ഉറപ്പായും ആളുകള്‍ കൂടെ നില്‍ക്കും.”
”അപ്പോള്‍ തന്നെ ഐസിസി ആക്ടീവ് ആകും, അതിന് പ്രത്യേകിച്ച് ഒരു കത്ത് എഴുതി കൊടുക്കേണ്ട ആവശ്യമില്ല. എന്താ നീ പറഞ്ഞേ, മിണ്ടരുത് എന്ന് പറഞ്ഞാല്‍ എല്ലാവരും അലര്‍ട്ട് ആകും, ഐസിസി ഇടപെടും കേസ് വരും. ആ കുട്ടി പ്രത്യേകിച്ച് ഒന്നിനും പോകണ്ട. അത് കഴിഞ്ഞ് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത് തുറന്നു പറയുന്നത്. അങ്ങനെ ഭയക്കുന്നത് എന്തിനാ. കുട്ടികള്‍ എന്തിനാണ് പേടിക്കുന്നത്. നമ്മുടെ കരിയര്‍ ആണ് വലുത്. അതുമായി മുന്നോട്ട് പോവുക എന്നാണ് ഞാന്‍ പറഞ്ഞത്.”
”നമ്മുടെ കരിയറുമായി മുന്നോട്ട് പോകണം, ആരാ നമ്മളെ തോല്‍പ്പിക്കാനുള്ളത്. ഇവര്‍ എങ്ങനെയാണ് നമ്മളേക്കാളും മുകളിലാകുന്നത്. വിന്‍സി പേടിച്ചു, ഭയന്നു എന്ന് പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞു പോയതാണ്. അന്നേരം ഒരു വ്യക്തിയുടെ മുഖം ഇല്ലായിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ വച്ച് ഷൈനിന്റെ പേര് കേട്ടപ്പോഴാണ് കൂടുതലും ഞാന്‍ അത് പറഞ്ഞത്. അയാളെ എന്തിനാണ് പേടിക്കുന്നത്.”
”അയ്യേ ഷൈനെ ഒക്കെ ആരെങ്കിലും പേടിക്കുമോ എന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ പറയുകയാണ്, ഞാന്‍ ലൈംഗികാതിക്രമത്തെ തമാശയായി കണ്ടു എന്ന്. അല്ല, ഞാന്‍ ആ വ്യക്തിയെ ആണ് തമാശയായി കണ്ടത്. ഷൈന്‍ സെറ്റില്‍ എങ്ങനെയാണ് എന്നായിരുന്നു അടുത്ത ചോദ്യം. അതിന് ഷൈന്‍ പ്രൊഫഷണല്‍ ആണെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. അങ്ങനെ അല്ലെന്ന് ആരും പറയില്ല. കാരണം അദ്ദേഹം അങ്ങനെയാണ്, അതുകൊണ്ടാണ് അയാള്‍ക്ക് സിനിമ കിട്ടുന്നത്.”
”അത് രണ്ടും രണ്ട് കാര്യമാണ്. അയാള്‍ വേറെയൊരു സമയത്ത് പറഞ്ഞ കാര്യങ്ങള്‍ നല്ലതാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ഞാന്‍ അയാളെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചിട്ടുമില്ല. ഞാന്‍ പറഞ്ഞത് വിന്‍സി പേര് പറഞ്ഞത് നന്നായി, കേസ് കൊടുക്കണം എന്നാണ്. ഇപ്പോഴും ഞാന്‍ വിന്‍സി കേസ് കൊടുക്കണം എന്നാണ് പറയുന്നത്. ആരെയും പേടിക്കേണ്ട കാര്യമില്ല” എന്നാണ് മാല പാര്‍വതി പറയുന്നത്.