കൂടെ കിടക്കുമോ, വരുമോ എന്നൊക്കെ പലരും ചോദിക്കും.. അതൊക്കെ മാനേജ് ചെയ്യാന്‍ പഠിക്കുന്നതൊരു സ്‌കില്‍ ആണ്: മാല പാര്‍വതി

സിനിമ മേഖലയിലെ പലര്‍ക്കും കളിതമാശ പോലും മനസിലാകുന്നില്ലെന്ന് നടി മാല പാര്‍വതി. സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതികള്‍ ഉയരുന്നതിനിടെയാണ് മാമല പാര്‍വതിയുടെ പ്രതികരണം. സ്ത്രീകളോട് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം പലരും ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ് എന്നാണ് മാല പാര്‍വതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മാല പാര്‍വതിയുടെ വാക്കുകള്‍:

സിനിമയില്‍ നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നത് കേട്ടു, ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ഭയങ്കര സ്ട്രെസ് ആയിപ്പോയെന്ന്. എല്ലാമങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ… പോടാ എന്ന് പറഞ്ഞാല്‍ പോരേ. പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനില്‍ക്കാനേ പറ്റില്ല.

നമ്മള്‍ റോഡില്‍ ഇറങ്ങുമ്പോള്‍ ലോറി വരും, ബസ് വരും. അപ്പൊ ലോറി വന്നതിന്റെ പേരില്‍ റോഡ് ക്രോസ് ചെയ്തില്ല, നമ്മള്‍ ഇറങ്ങി നടന്നില്ല എന്ന് പറഞ്ഞാല്‍ ആര്‍ക്കാ നഷ്ടം വരിക? സ്ത്രീകള്‍ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വച്ച് ആള്‍ക്കാര്‍ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്.

എങ്ങനെയാണോ റോഡ് ക്രോസ് ചെയ്യുമ്പോള്‍ വലിയ വാഹനങ്ങള്‍ വരുമ്പോള്‍ അതൊന്നും തട്ടാതെ അപ്പുറമെത്തുന്നത് പോലെ ഇതിനെല്ലാം ഇടയിലൂടെ പോകാന്‍ പറ്റും. അതിനെ വലിയൊരു വിഷയമാക്കി കഴിഞ്ഞാല്‍ ഞാന്‍ എങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേക്ക് പോകും.

Read more