പാര്‍വതി തിരുവോത്തിനെ പോലെ കരുത്തുറ്റ പെണ്‍കുട്ടികളുള്ള കാലത്ത് ജീവിക്കുന്നത് അഭിമാനമെന്ന് നടി മാല പാര്‍വതി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മാല പാര്‍വതി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. വലിയ വിഷന്‍ ഉള്ള സ്ത്രീയാണ് പാര്‍വതി തിരുവോത്ത് എന്നും നടി പറയുന്നുണ്ട്.
”ഇതൊരു സ്വാതന്ത്ര്യ സമരം പോലെയാണ് എനിക്ക് തോന്നുന്നത്. പാര്‍വതി തിരുവോത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്നത് തന്നെ വലിയ അഭിമാനമാണ്. എന്തൊരു വിഷന്‍ ഉളള സ്ത്രീയാണ്. പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത്” എന്നാണ് മാല പാര്‍വതി കുറിച്ചിരിക്കുന്നത്.
പാര്‍വതി തിരുവോത്തിനെ പുകഴ്ത്തി കൊണ്ട് മാല പാര്‍വതി നേരത്തെയും രംഗത്തെത്തിയിരുന്നു. പാര്‍വതിയെ പോലുള്ളവരുടെ അടുത്തൊന്നും തനിക്ക് എത്താന്‍ ആവില്ല. ഉര്‍വശി ചേച്ചിയെ വിളിച്ചപ്പോള്‍ ആ കൊച്ചെന്തൊരു മിടുക്കിയാണ് എന്നൊക്കെ പറഞ്ഞിരുന്നു എന്നായിരുന്നു മാല പാര്‍വതി പറയുന്നത്.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആര്‍ട്ടിസ്റ്റുകളാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തുന്നത്. 2017ല്‍ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, പദ്മപ്രിയ, ബീന പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത്.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാന്‍ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ 2017 ജൂലൈയില്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുന്‍ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.