സിനിമകള്‍ വിട്ട് വെബ് സീരിസില്‍: ആര്‍. മാധവന് പറയാനൊരു കാരണമുണ്ട്

ആമസോണ്‍ ഒറിജിനല്‍സില്‍ കഴിഞ്ഞ ദിവസം മുതലാണ് ബ്രീത്ത് എന്നൊരു വെബ്‌സീരിസ് സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. ആര്‍. മാധവനും അമിത് സാദുമാണ് വെബ് സീരിസിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വടക്കേന്ത്യയിലും ദക്ഷിണേന്ത്യയിലും ഒരേ പോലെ ഫാന്‍ ഫോളോയിംഗ് ഉള്ള താരമാണ് മാധവന്‍. എന്തുകൊണ്ട് ഒരു വെബ് സീരിസില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുത്തു എന്നതിന് വ്യക്തമായ ഉത്തരമുണ്ട് മാധവന്.

“എന്റെ സമയവും ഊര്‍ജവും ഇന്‍വെസ്റ്റ് ചെയ്യാന്‍ മൂല്യമുള്ള ഒന്ന് എന്ന് കണ്ടതിനാലാണ് വെബ്‌സീരിസ് തെരഞ്ഞെടുത്തത്. ലാര്‍ജ് സ്‌ക്രീന്‍ മാജിക് എന്നത് പോയിപോകുന്ന ഒന്നല്ല. അതേസമയം, എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ നിലവിലുള്ള ആളുകളില്‍ പലരും ഇന്റര്‍നെറ്റിന്റെ സാധ്യത തിരിച്ചറിയുന്നതിന് മുന്‍പ് ഞാന്‍ തിരിച്ചറിയുകയും ചെയ്തു. എന്തെങ്കിലും ഒരു കണ്ടന്റ് കൊണ്ടുവന്നാല്‍ ഞാന്‍ അഭിനയിക്കില്ല. ശക്തമായ പുതുമയുള്ള കണ്ടന്റാണ് വേണ്ടത്. റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കണ്ടന്റ് എന്നതാണ് വെബ് സീരീസുകളെ സ്വീകാര്യതയുള്ളതാക്കുന്നത്” – മാധവന്‍ പറഞ്ഞു.

“ഏതൊരു നടനും തന്റെ ജീവിതം നല്‍കാന്‍ ശേഷിയുള്ള കഥയാണ് ബ്രീത്ത്. വിദേശങ്ങളിലൊക്കെ വലിയ താരങ്ങള്‍ പോലും വെബ് സീരീസുകള്‍ ചെയ്യുന്നുണ്ട്. നേരത്തെ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യത ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. മെറില്‍ സ്ട്രീപ്പ് ഇപ്പോള്‍ ബിഗ് ലിറ്റില്‍ ലൈസിന്റെ രണ്ടാം സീസണ്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്ക് വെബ് സീരീസ് അരങ്ങേറ്റത്തിനുള്ള പ്ലാറ്റ്‌ഫോമാണ് ബ്രീത്ത്. പക്ഷെ, ഞാന്‍ എടുത്തു പറയട്ടെ എന്റെ സിനിമാ കരിയര്‍ അവസാനിച്ചിട്ടില്ല. ഞാന്‍ സിനിമയില്‍നിന്ന് മൂന്നു വര്‍ഷത്തെ ഇടവേള എടുത്തു. ഇരുത് സട്രെ, വിക്രം വേദ തുടങ്ങിയ സിനിമകളിലൂടെയാണ് ഞാന്‍ മടങ്ങി വരവ് നടത്തിയത്. ഇപ്പോള്‍ എന്റെ അടുത്ത സിനിമയ്ക്കായുള്ള തയാറെടുപ്പിലാണ്” – മാധവന്‍ പറഞ്ഞു.

Read more

ആമസോണ്‍ പ്രൈം ആപ്പില്‍ ബ്രീത്ത് ഇപ്പോള്‍ സ്ട്രീം ചെയ്ത് കാണാം. ആദ്യ സീസണിലെ നാല് എപ്പിസോഡുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലങ്‌സിന് തകരാറുള്ള തന്റെ മകന്‍ ജോഷിനെ രക്ഷിക്കാനുള്ള ഡാനി മാസ്‌കരേനാസ് എന്ന പിതാവിന്റെ നെട്ടോട്ടമാണ് സിനിമ. മര്‍ഡര്‍ ത്രില്ലര്‍ ജോണറിലുള്ള വെബ്‌സീരിസാണ് ബ്രീത്ത്. ഇതാദ്യമായാണ് മെയിന്‍ സ്ട്രീം സിനിമയില്‍നിന്ന് ഒരു നടന്‍ വെബ് സീരിസില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രം കര്‍വാനിലെ നായിക മിഥില പാല്‍ക്കര്‍ പെര്‍മെനന്റ് റൂംമേറ്റ്‌സ് എന്ന ടെലിവിഷന്‍ സീരിസിലെ നായികയായിരുന്നു.